മലപ്പുറം: കോവിഡ് വ്യാപനം തടയാൻ ലോക്‌ഡൗണിനേക്കാൾ മികച്ച രീതികളുണ്ടെന്ന നിർദേശവുമായി കോട്ടയ്ക്കലിനടുത്ത് പുത്തനത്താണി സ്വദേശി ആസിഫ് തെയ്യമ്പാട്ടിൽ. കോഴിക്കോട് ആസ്ഥാനമായ മാനേജ്‌മെന്റ് കൺസൽട്ടൻസി സ്ഥാപനത്തിന്റെ ചീഫ് കൺസൾട്ടന്റാണ് ആസിഫ്. അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ട് വൈകാതെ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും സമർപ്പിക്കും.

ജനജീവിതത്തെ കാര്യമായി ബാധിക്കാത്ത ചില നിയന്ത്രണങ്ങളാണ് ആസിഫ് മുന്നോട്ടുവെക്കുന്നത്. ഫെയ്‌സ്ബുക്കിൽ ഇതിനായി ഒരു സർവേ നടത്തിയിരുന്നു. വിവിധരംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചവരുമായി ചർച്ചയും നടത്തി.

പ്രധാന നിർദേശങ്ങൾ

* പൊതു-സ്വകാര്യ ചടങ്ങുകൾ, കച്ചവടങ്ങൾ, യാത്രകൾ എന്നിവയ്ക്ക് അനുവദിച്ച സമയം കൂട്ടുക. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ഇതിന് അനുവദിച്ചാൽ ജനത്തിരക്ക് കുറയ്ക്കാം. ഇത് വൈറസ് വ്യാപനം കുറയ്ക്കും.

* വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം കാർപ്പെറ്റ് ഏരിയയ്ക്ക് ആനുപാതികമായി പരിമിതപ്പെടുത്തുക. ഇത് ആൾക്കൂട്ടം കുറയ്ക്കും. കോവിഡ് മാനദണ്ഡങ്ങൾ ഇവിടെയും പാലിക്കണം.

* ഡ്രൈവ് ഇൻ ഷോപ്പിങ് (വാഹനത്തിൽനിന്ന് ഇറങ്ങാതെയുള്ള ഷോപ്പിങ്) പ്രോത്സാഹിപ്പിക്കുക. ഓർഡർ നേരത്തേ നൽകി സാധനങ്ങൾ തയ്യാറായ ശേഷം മാത്രം വാങ്ങാൻ പോവുക.

* കാർ ഡൈനിങ് (വാഹനത്തിൽ നിന്നിറങ്ങാതെ ഭക്ഷണം വാങ്ങിക്കഴിക്കൽ) പ്രോത്സാഹിപ്പിക്കുക.

* ഓഫറുകൾക്ക് വിലക്കേർപ്പെടുത്തുക. വിശേഷദിവസങ്ങളിലെ ഓഫറുകൾ ആൾക്കൂട്ടം സൃഷ്ടിക്കും.

* സ്ഥാപനങ്ങൾക്കുള്ളിൽ ചെലവഴിക്കുന്ന സമയത്തിനു നിയന്ത്രണം ഏർപ്പെടുത്തുക.

* ഓൺലൈൻ മേഖലയിലേക്ക് മാറാൻ ചെറുകിട-ഇടത്തരം കച്ചവടങ്ങൾക്ക് സർക്കാർ സഹായം നൽകുക.

* സൂപ്പർമാർക്കറ്റുകളിൽ ഷോപ്പിങ് കാർട്ടുകൾ തമ്മിൽ അകലം ഉറപ്പുവരുത്തുന്ന ഇലക്ട്രോണിക് ഉപകരണം നിർബന്ധമാക്കുക.

നിർദേശങ്ങളുടെ പൂർണരൂപം https://www.atbc.co/portfolio/report-on-alternatives-to-lockdown എന്ന വിലാസത്തിൽ ലഭിക്കും.