കൊച്ചി: യു.എ.പി.എ. കേസുകളിൽ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കേണ്ടതെന്ന് ഹൈക്കോടതി. ഭീകരപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനായി വിജിലൻസ് ഓഫീസർമാരായി ചമഞ്ഞ് പണം തട്ടിയെടുത്ത കേസിലെ പ്രതികളുടെ ജാമ്യം കീഴ്‌ക്കോടതി റദ്ദാക്കിയതിനെതിരായ ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളം ഭീകരവിരുദ്ധ സ്ക്വാഡ് രജിസ്റ്റർചെയ്ത യു.എ.പി.എ. കേസിൽ പ്രതിയായ കണ്ണൂർ സ്വദേശി അബ്ദുൾ ഹാലിം, മലപ്പുറം സ്വദേശി ഷംനാദ് എന്നിവരായിരുന്നു ഹർജിക്കാർ. അബ്ദുൾ ഹാലിമിനോട് ഉടൻ കീഴടങ്ങാൻ നിർദേശിച്ചു. അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടു.

ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥ പാലിക്കാത്തതിനെത്തുടർന്നാണ് എറണാകുളം സെഷൻസ് കോടതി ജാമ്യം റദ്ദാക്കിയത്. ഇതിനെതിരേ അബ്ദുൾ ഹാലിം നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അറസ്റ്റ് വിലക്കിയിരുന്നു.

എന്നാൽ, ഇത്തരമൊരു ഹർജി സിംഗിൾ ബെഞ്ചിന് പരിഗണിക്കാനാവില്ലെന്ന് വിലയിരുത്തി ഈ ഹർജിയും വിളിച്ചുവരുത്തിയാണ് ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ചത് ഗൗരവത്തോടെ കാണണമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ വി.എസ്. ശ്രീജിത് വാദിച്ചു.