തിരുവനന്തപുരം: പൂന്തുറയിൽ ഭൂവസ്ത്രക്കുഴൽ (ജിയോ ട്യൂബ്) ഉപയോഗിച്ചുള്ള തീരസംരക്ഷണപദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി മന്ത്രിസഭയിൽ തർക്കം. കടലാക്രമണത്തിൽനിന്നു തീരദേശവാസികളെ സംരക്ഷിക്കുന്നതിനായി ജിയോട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തിനിർമാണം വേഗത്തിലാക്കണമെന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ആവശ്യത്തെ ചട്ടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടി മന്ത്രി എ.കെ. ബാലൻ എതിർത്തതാണ് ഇരുവരും തമ്മിലുള്ള വാഗ്വാദത്തിൽ കലാശിച്ചത്.

കരാർവ്യവസ്ഥകളും മറ്റും പുനഃപരിശോധിക്കേണ്ടിവരുമെന്ന് ബാലൻ ചൂണ്ടിക്കാട്ടിയത് മേഴ്‌സിക്കുട്ടിയമ്മയെ പ്രകോപിപ്പിച്ചു. അങ്ങനെയെങ്കിൽ ഈ സർക്കാരിന്റെ കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽപോലും പദ്ധതി നടപ്പാക്കാനാവില്ലെന്ന് അവർ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ അഭിമാനപദ്ധതിയാണിതെന്നും തീരസംരക്ഷണത്തിന് കടലിൽ കല്ലിടുന്നതിനെക്കാൾ പ്രയോജനകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മറുവാദങ്ങളുണ്ടെന്ന് മന്ത്രി ബാലനും പറഞ്ഞു. തർക്കത്തിൽ മുഖ്യമന്ത്രിയോ മറ്റുമന്ത്രിമാരോ ഇടപെട്ടില്ല.

പൂന്തുറമുതൽ ശംഖുംമുഖം കടൽത്തീരംവരെ പദ്ധതി നടപ്പാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. കിഫ്ബിവഴി 150 കോടിയുടെ അനുമതി ലഭിച്ച പദ്ധതി ഈ മാസാവസാനം തുടങ്ങാനാകുമെന്നാണ് കരുതിയിരുന്നത്.