കൊച്ചി: താഴെത്തട്ടിൽ മാറ്റങ്ങൾവരുത്തേണ്ടത് അനിവാര്യമെന്ന് ബി.ജെ.പി. കോർ കമ്മിറ്റിയിൽ ചർച്ച. പരാജയകാരണങ്ങൾ പഠിക്കാൻ ഏൽപ്പിച്ച പാർട്ടി കമ്മിഷൻവെച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച.

തിരഞ്ഞെടുപ്പു പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന മുൻനിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് കൃഷ്ണദാസ് പക്ഷം ചർച്ചനടത്തിയത്. സംസ്ഥാന നേതൃത്വത്തിന് എതിരേ കടുത്തനിലപാട് സ്വീകരിച്ചുവരുന്ന മുൻ അധ്യക്ഷൻ സി.കെ. പത്മനാഭൻ രണ്ടുദിവസമായി കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും യോഗത്തിൽ പങ്കെടുക്കാതെ തിരിച്ചുപോയി. എന്നാൽ ബി.ജെ.പി.യുടെ മാത്രമല്ല പരിവാർ സംഘടനകളുടെയടക്കം മൊത്തം സംഘടനാ സംവിധാനത്തിന്റെ തോൽവിയായാണ് മുരളീധരവിഭാഗം തിരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തിയത്.

തിരഞ്ഞെടുപ്പിൽ ആർ.എസ്.എസ്. നടത്തിയ ഇടപെടലിൽ ചില നേതാക്കൾ അതൃപ്തി അറിയിച്ചു. യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത സംയോജകന്മാരെ വെച്ചത് വലിയ തിരിച്ചടിയായി. താഴെത്തട്ടിൽ മാറ്റങ്ങൾ വരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും ചർച്ചവന്നു. ഭാരവാഹിത്വത്തിന് പ്രായം മാനദണ്ഡമാക്കിയപ്പോൾ, ഒരു പ്രവർത്തന പരിചയവുമില്ലാത്തവർ ഭാരവാഹികളായി എത്തി. അത്തരം ഭാരവാഹികളെ മാറ്റാതെ പാർട്ടിക്ക് മുന്നോട്ടു പോകാനാവില്ലെന്നും അഭിപ്രായമുയർന്നു. ഏഴ് ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനത്തിൽ റിപ്പോർട്ടിൽ രൂക്ഷമായ കുറ്റപ്പെടുത്തലുകളുണ്ട്. ആ കമ്മിറ്റികളിൽ മാറ്റങ്ങൾ വരുത്തും.

ലൗജിഹാദ് വിഷയം ഉപയോഗിക്കും

ലൗജിഹാദ് വിഷയത്തിൽ ബി.ജെ.പി. നേരത്തേതന്നെ കേരളീയ സമൂഹത്തിൽ ഉന്നയിച്ചിട്ടുള്ള ആശങ്ക ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാർട്ടിയുടെ തീരുമാനം. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരും.

പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തിൽ ബിഷപ്പിന് സംരക്ഷണം നൽകാൻ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വിപുലമായ പ്രചാരണംനടത്താൻ ന്യൂനപക്ഷ മോർച്ചയ്ക്ക് പാർട്ടി നിർദേശം നൽകിയിട്ടുമുണ്ട്.