കൊച്ചി: ഒരുവർഷത്തോളം കേരളരാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ നയതന്ത്ര സ്വർണക്കടത്തിൽ കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രം അപൂർണം. പ്രധാന തൊണ്ടിമുതലായ 30 കിലോഗ്രാം സ്വർണം ദുബായിൽനിന്നും അയച്ച മലയാളിയായ ഫൈസൽ ഫരീദ് പ്രതിപ്പട്ടികയിൽ എവിടെയുമില്ല.

തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറലായ ജമാൽ ഹുസൈൻ അൽസാബി, അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും ആരോപണവിധേയരായിരുന്നു. ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനും ചോദ്യംചെയ്യാനും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന ചോദ്യം ഉയരുമ്പോഴാണ് പ്രതിപ്പട്ടികയിൽനിന്നും ഫൈസൽ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ദുബായ് പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും ഫൈസൽ ഇപ്പോൾ എവിടെയെന്ന് അറിയില്ല. ഫൈസലിനെ പ്രതിചേർക്കാതെ കേസ് എങ്ങനെ കോടതിയിൽ നിലനിൽക്കുമെന്ന ആശങ്കയും നിയമവിദഗ്ധരും മുൻ അന്വേഷണ ഉദ്യോഗസ്ഥരും ഉന്നയിക്കുന്നു.

ജമാൽഹുസൈൻ അൽസാബിയുടെ സഹായത്തോടെ 18 തവണയായി 95 കിലോ സ്വർണം നയതന്ത്ര ബാഗ് വഴി കേരളത്തിലെത്തിയെന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്. വിദേശപൗരന്മാരെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് പലതവണ കസ്റ്റംസ് അന്വേഷണസംഘം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. പക്ഷേ, ഒരിക്കൽപ്പോലും മറുപടികൊടുത്തില്ല. ഇവരെ ഇനി ചോദ്യംചെയ്യാനോ അറസ്റ്റുചെയ്യാനോ സാധിച്ചാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതയാണ് കസ്റ്റംസിനുമുന്നിൽ ബാക്കിയുള്ളത്.

കുറ്റാരോപിതർ.

1. പി.എസ്. സരിത്ത്, 2. സ്വപ്ന പ്രഭ സുരേഷ്, 3. സന്ദീപ് നായർ (തിരുവനന്തപുരം), 4. കെ.ടി. റെമീസ്, മലപ്പുറം, 5. എ.എം. ജലാൽ, 6. റബിൻസ് ഹമീദ് (എറണാകുളം), 7. പി. മുഹമ്മദ് ഷാഫി, 8. ഇ. സെയ്തലവി (മലപ്പുറം), 9. ടി.എം. സംജു, 10. എം. ഷംസുദ്ദീൻ (കോഴിക്കോട്), 11. പി.ടി. അബ്ദു, 12. കെ. ഹംജദ് അലി, 13. ടി.എം. മുഹമ്മദ് അൻവർ, 14. പി.എം. അബ്ദുൾ ഹമീദ്, 15. അബൂബക്കർ പഴേടത്ത്, 16. ഹംസത്ത് അബ്ദു സലാം (മലപ്പുറം), 17. സി.വി. ജിഫ്‌സൽ, 18. എം. മുഹമ്മദ് അബ്ദു ഷമീം (കോഴിക്കോട്), 19. മുഹമ്മദ് അസ്ലം, മലപ്പുറം, 20. ഉല്ലാസ് കുറുപ്പ് (ആലപ്പുഴ), 21. മുഹമ്മദ് അലി ഇബ്രാഹിം, 22. മുഹമ്മദ് അലി അബ്ദുൾ ഖാദർ (എറണാകുളം), 23. കെ.ടി. ഷറഫുദ്ദീൻ (മലപ്പുറം), 24. എ. മുഹമ്മദ് ഷെഫീഖ് (പാലക്കാട്), 25. പി.എം. മുസ്തഫ (കോഴിക്കോട്), 26. അബ്ദുൾ അസീസ് (മലപ്പുറം), 27. ഗോഡ്‌ഫ്രെ പ്രതാപ് (കപ്പിത്താൻ ഏജൻസീസ്, തിരുവനന്തപുരം), 28. എമിറേറ്റ്‌സ് സ്‌കൈ കാർഗോ, തിരുവനന്തപുരം, 29. എം. ശിവശങ്കർ (തിരുവനന്തപുരം).

content highlights: diplomatic channel gold smuggling chargesheet incomplete, important names missing