രങ്ങിൽ കഥാപാത്രമായി നിറഞ്ഞാടുമ്പോൾ ജീവിതത്തിന്റെ തിരശ്ശീലവീഴുക... അത് യഥാർഥ മരണമാണെന്നറിയാതെ സദസ്സ് കണ്ടാസ്വദിക്കുക... ഗോവയിൽ അഭിനയിക്കവേ ഹൃദയാഘാതംവന്ന്‌ മരിച്ച നാടകനടൻ ദിനേശൻ ഉള്ളിയേരി(48)യുടെ വിയോഗം നാടകപ്രേമികൾക്ക് തീരാവേദനയായി.

Dinesan
കോഴിക്കോട് പൊന്നാരം തിയേറ്റേഴ്‌സിന്റെ കാലം എഴുതിയ യുദ്ധകാണ്ഡം എന്ന നാടകത്തിന്റെ പോസ്റ്ററില്‍ ദിനേശന്‍

ഗോവ മലയാളി സമാജം വാസ്കോയിൽ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് പൊന്നരം തിയേറ്റേഴ്‌സിന്റെ ‘കാലം എഴുതിയ യുദ്ധകാണ്ഡം’ എന്ന നാടകം അവതരിപ്പിക്കാൻ എത്തിയതായിരുന്നു ദിനേശനും സംഘവും. നാടകത്തിൽ കുഞ്ഞിരാമൻ എന്ന ഹാസ്യകഥാപാത്രത്തെയാണ് ദിനേശൻ അവതരിപ്പിച്ചത്. നാടകത്തിൽ അമ്മാവനുമായി വീട്ടിൽ തമാശപറയുന്ന രംഗത്ത് അഭിനയിക്കുമ്പോഴാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. അപ്പോഴും സദസ്സിന്‌ മനസ്സിലായില്ല അത് മരണത്തിലേക്കുള്ള യഥാർഥവീഴ്ചയായിരുന്നെന്ന്. കർട്ടനിട്ട് അനൗൺസ്‌മെന്റ് വന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം കാണികളറിഞ്ഞത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

20 വർഷമായി നാടകരംഗത്ത് പ്രവർത്തിക്കുന്ന ദിനേശൻ, പൂക്കാട് കലാലയത്തിന്റെ സൂര്യഹൃദയം എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. കോഴിക്കോട് മലബാർ തിയേറ്റേഴ്‌സിന്റെ കണ്ടം ബെച്ച കോട്ട് എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് വന്നത്. കോഴിക്കോട് ചിരന്തന, കോട്ടയം നാഷണൽ, അങ്കമാലി അഞ്ജലി, കോഴിക്കോട് രംഗഭാഷ തുടങ്ങിയ തിയേറ്ററുകളിൽ നാടകം അവതരിപ്പിച്ചു. കോഴിക്കോട് ഭഗവത് കമ്യൂണിക്കേഷൻസിന്റെ കാള എന്ന ദ്വിപാത്ര നാടകം ശ്രദ്ധേയമാണ്. ദിനേശൻ പെയിന്റിങ് തൊഴിലാളിയാണ്.

അച്ഛൻ: പരേതനായ ഗോവിന്ദൻ. അമ്മ പരേതയായ കല്യാണി. ഭാര്യ: സുനിത. മക്കൾ: അശ്വിൻകൃഷ്ണ, അമൽ ഗോവിന്ദ്. സഹോദരങ്ങൾ: ദാമോദരൻ, വിനീത് (എസ്.എസ്.സി. മോർച്ച ജില്ലാ സെക്രട്ടറി), പദ്മിനി, സുമതി, സതി. മൃതദേഹം ഞായറാഴ്ച രാത്രി ഉള്ളിയേരിയിലെ വീട്ടിലെത്തിച്ചു. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടത്തും.

Content Highlights: Dinesan Ulliyeri Death, Kaalam Ezhuthiya Yudhakandam Drama