കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ പണം ആവശ്യപ്പെട്ട് പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി കണക്കാക്കി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഫയൽചെയ്ത ഹർജി ഹൈക്കോടതി തള്ളി. താൻ വാദിയായും പ്രതിയായുമുള്ള കേസുകൾ ഒരേസമയം വിചാരണ ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ, രണ്ടും വ്യത്യസ്ത കേസല്ലെന്നും ഒരേ കേസിന്റെ തുടർച്ചയാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഹർജി തള്ളിയത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മറ്റ് കുറ്റകൃത്യങ്ങളിലും ദിലീപ് പ്രതിയാണ്. അതിനാൽ ഇരവാദം അംഗീകരിക്കാനാവില്ല. നടിയെ അക്രമിച്ചതും, പ്രതികൾ പണം ആവശ്യപ്പെട്ട് ദിലീപിനെ ഫോണിൽ വിളിച്ചതും രണ്ടായി കേൾക്കണമെന്ന വാദത്തിൽ കഴമ്പില്ല. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

കേസിൽ യഥാക്രമം ഒന്ന്, ഒൻപത്, 10 പ്രതികളായ പൾസർ സുനി, സനൽ കുമാർ, വിഷ്ണു എന്നിവർ ജയിലിൽ ഗൂഢാലോചനനടത്തി തന്നെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് ഡി.ജി.പി.ക്ക് ദിലീപ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. പൾസർ സുനി ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടത് മുന്പേയുള്ള കരാർ പ്രകാരമുള്ള പണത്തിനുവേണ്ടിയായിരുന്നെന്ന് പ്രോഷിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ദിലീപ് നൽകിയ പരാതിയിൽ അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണക്കാക്കി തള്ളിയതാണ്. പണത്തിനുവേണ്ടി ദിലീപിനെ ഭീഷണിപ്പെടുത്താനായി ജയിലിൽ രണ്ടാമതൊരു ഗൂഢാലോചന നടന്നിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

content highlights: dileep's plea rejected