കൊച്ചി: ദിലീപ് വിഷയത്തിന് പരിഹാരമായെന്നും ‘അമ്മ’യുടെ ആവശ്യപ്രകാരം ദിലീപ് സംഘടനയിൽനിന്ന് രാജിവെച്ചെന്നും പ്രസിഡന്റ് മോഹൻലാൽ. കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന എക്സിക്യുട്ടീവ് യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.

ഒക്ടോബർ 10-നാണ് ദിലീപിന്റെ രാജിക്കത്ത് ലഭിക്കുന്നത്. ഒരു രാജിക്കത്ത് ലഭിച്ചാലുടനെ അത് അംഗീകരിക്കുകയില്ല. മറിച്ച് എക്സിക്യുട്ടീവ് കമ്മിറ്റി മുമ്പാകെവെച്ച് എല്ലാവരുടെയും അഭിപ്രായപ്രകാരമാണ് അത് പരിഗണിക്കുക. ഡബ്ല്യു.സി.സി.യുടെ പ്രധാന വിഷയമായി ഇത് മാറുന്നതിനുമുമ്പേ ദിലീപിന്റെ രാജി പരിഗണിച്ചിരുന്നെന്നും മോഹൻലാൽ പറഞ്ഞു.

നടിമാരുടെ രാജി വലിയൊരു പ്രശ്നമല്ല -‘അമ്മ’

: സംഘടനയിൽനിന്ന് ചിലർ രാജിവെച്ച സംഭവം കാര്യമാക്കുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ. രാജിെവച്ചുപോയവരെ തിരിച്ചെടുക്കണമെന്ന് ഡബ്ല്യു.സി.സി. അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. രാജിവെച്ചവർക്ക് അമ്മയിലേക്ക് തിരികെ വരാം. പക്ഷേ, അതിനു അപേക്ഷ നല്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘തിരിച്ചുവരാൻ അവർ മാപ്പു പറയേണ്ടതില്ല. നാലുപേർ രാജിവെച്ചുപോയത് വലിയൊരു പ്രശ്നമൊന്നുമല്ല. എന്നാൽ ഇവരുടെ രാജിയും മറ്റു കാര്യങ്ങളും മോഹൻലാൽ എന്നൊരു വ്യക്തിയിലേക്ക് നീണ്ടുവരുകയാണ്. അത് വ്യക്തിപരമായി എന്നെ വേദനിപ്പിച്ചു’ -മോഹൻലാൽ പറഞ്ഞു.

സ്ത്രീകളുടെ പ്രശ്നങ്ങൾ അമ്മയിൽ പരിഹരിക്കും

സ്ത്രീകളുടെ പരാതികൾ പരിശോധിക്കാനായി അമ്മയിൽ തന്നെ വനിതാകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കെ.പി.എ.സി. ലളിത, കുക്കു പരമേശ്വരൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സ്ത്രീകളുടെ അമ്മയിൽ പരാതി നല്കാൻ വിമുഖതയുള്ള പെൺകുട്ടികൾക്ക് സമിതിയെ സമീപിക്കാവുന്നതാണ്.

നടിമാർ അമ്മയ്ക്കെതിര്

അമ്മയെന്ന സംഘടനയിൽനിന്നുകൊണ്ട് അമ്മയ്ക്കെതിരേ സംസാരിക്കുന്ന മൂന്നു പേരാണുള്ളതെന്ന് മോഹൻലാൽ. അവരുടെ പേര് പറയുന്നില്ല, നടിമാർ എന്നുതന്നെ പറയാം. അവർ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ചിന്തിക്കേണ്ടത് അവർതന്നെയാണ്. അവർ അങ്ങനെ പറഞ്ഞുകഴിഞ്ഞാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് സിദ്ധിഖ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞത്.

എല്ലാ അംഗങ്ങൾക്കും ഒരേ സ്വാതന്ത്ര്യം

അമ്മയിലെ എല്ലാ അംഗങ്ങൾക്കും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുതിർന്ന അംഗമെന്ന നിലയിലാണ് ലളിതച്ചേച്ചി സംസാരിച്ചത്. അവർ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ അത് വേണ്ടെന്ന് പറയാൻ പറ്റില്ല. അവരുടെ സംസാരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കടന്നുപോയിട്ടുണ്ട്. അത് അറിയാതെ പറഞ്ഞതാണ്. ഇപ്പോൾ അതിനെക്കുറിച്ച് ചേച്ചിക്ക് മനസ്സിലായിട്ടുണ്ട് -മോഹൻലാൽ പറഞ്ഞു.

ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യു.സി.സി.യുടെ ശ്രമം

ഡബ്ല്യു.സി.സി. അംഗങ്ങൾ പല കാര്യങ്ങളും വേറെ രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. അക്രമത്തിനിരയായ കുട്ടിയോടുപോലും അവർ സംസാരിക്കുന്നുണ്ടോയെന്ന് സംശയമാണ്. അമ്മയെന്ന സംഘടനയെ അവർ നാലു കഷണമാക്കി, എ.എം.എം.എ. എന്നാണ് പറയുന്നത്. ഞങ്ങളിൽനിന്ന് ചോരയൂറ്റിക്കുടിച്ചു വളരാനാണ് അവർ ശ്രമിക്കുന്നത്.

അലൻസിയർ പ്രശ്നം അടുത്ത യോഗത്തിൽ

അടുത്ത എക്സിക്യുട്ടീവ് യോഗത്തിൽ അലൻസിയറിനുനേരെ വന്ന ആരോപണം ചർച്ചചെയ്യും. ഈ വിഷയത്തിൽ അമ്മയ്ക്ക് പരാതിയൊന്നും കിട്ടിയിട്ടില്ല. അമ്മയിലെ അംഗമല്ലെങ്കിൽപോലും പരാതി നല്കിയിരുന്നെങ്കിൽ സ്വീകരിക്കുമായിരുന്നു. ഇനിയാണെങ്കിലും പരാതി തന്നാൽ സ്വീകരിക്കും. ഇനിയും പരാതികൾ ഉണ്ടാകാതിരിക്കട്ടെ. മുകേഷിനുനേരെ ആരോപണമുന്നയിച്ച ടെസ് ജോസഫ് ഒരു പരാതി നല്കിയിരുന്നെങ്കിൽ അതും അന്വേഷിക്കുമായിരുന്നു.

അമ്മയിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമം

ഡബ്ല്യു.സി.സി. എന്ന സംഘടനയ്ക്ക് നിഗൂഢമായ അജൻഡയെന്ന് സിദ്ധിഖ് പറഞ്ഞു. അമ്മയെന്ന സംഘടനയെ തകർക്കാൻവേണ്ടി അംഗങ്ങളെ രാജിവെപ്പിക്കുന്നു. ഇവർക്കെതിരേ നടപടി വേണമോയെന്നത് എക്സിക്യുട്ടീവ് കമ്മിറ്റിയിൽ തീരുമാനിക്കും.

സംഘടനയ്ക്ക്‌ ഒരു വക്താവില്ല

അമ്മയുടെ വക്താവായി രണ്ടുപേരെ ഏർപ്പെടുത്തുകയും പിന്നീട് രണ്ടുപേരെയും വേണ്ടെന്നുവെക്കുകയും ചെയ്തു. ജഗദീഷും സിദ്ദിഖും വക്താവല്ല. ഇതുവരെയും സംഘടനയ്ക്ക് ഒരു വക്താവിന്റെ ആവശ്യം വന്നിട്ടില്ല.