കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് കോടതി. ഇതു സംബന്ധിച്ച് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. എന്നാല്‍ കുറ്റപത്രം ചോര്‍ന്നതിന് അന്വേഷണ ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്തു.

കേസിലെ പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജിയിലെ ആശങ്കകള്‍ ന്യായമാണെന്നും കുറ്റപത്രവും കേസിലെ തെളിവുകളും ചോരാതിരിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രത വേണമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നായിരുന്നു ദിലീപിന്റെ ഹര്‍ജി. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച ദിലീപ്, തന്നെ അപമാനിക്കലായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കുറ്റപത്രത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അതുകൊണ്ടുതന്നെ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും ദിലീപ് വാദിച്ചു.

കുറ്റപത്രം ചോര്‍ത്തിയതില്‍ പോലീസിന് പങ്കില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കുറ്റപത്രത്തിന്റെ പകര്‍പ്പ് എടുക്കാനായി നല്‍കിയ സ്ഥലത്തുനിന്നോ മറ്റോ ചോര്‍ന്നിരിക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ പ്രതികളില്‍ നിന്ന് ചോര്‍ന്നിട്ടുണ്ടാകാമെന്നും കോടതിയില്‍ പറഞ്ഞിരുന്നു.