തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലെ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റിന് മികച്ച പ്രതികരണം. എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് 2019-2021 ബാച്ചിലെ യോഗ്യതയുള്ള 90 ശതമാനം വിദ്യാര്‍ഥികളും മുന്‍നിര ഐ.ടി. കമ്പനികളില്‍ ജോലി നേടി. ശരാശരി ശമ്പളം പ്രതിവര്‍ഷം നാലര ലക്ഷവും ഉയര്‍ന്ന ശമ്പളം 11.6 ലക്ഷവുമാണ്.

ഡേറ്റാ സയന്റിസ്റ്റ്, േഡറ്റാ അനലിസ്റ്റ്, ഡിജിറ്റല്‍ മീഡിയ അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിങ് എന്‍ജിനിയര്‍, അസോസിയേറ്റ് എന്‍ജിനിയര്‍-ജി.ഐ.എസ്., അസോസിയേറ്റ് സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നിങ്ങനെ വിദഗ്ധ തസ്തികകളിലേക്കാണ് വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭിച്ചത്.

കാറ്റര്‍പില്ലര്‍, ടി.സി.എസ്., ഡിലോയ്റ്റ്, എച്ച്. ആന്‍ഡ് ആര്‍. ബ്ലോക്ക്, ഏണസ്റ്റ് ആന്‍ഡ് യങ്, കോഗ്‌നിസന്റ്, പ്രിമേര ടെക്നോളജീസ്, എര്‍ത്ത് അനലിറ്റിക്‌സ് ഇന്ത്യ, റിഫ്‌ളക്ഷന്‍സ്, യു.എസ്.ടി. ഗ്ലോബല്‍, എ.ബി.ബി. ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങളാണ് കാമ്പസ് റിക്രൂട്ട്മെന്റിനായി ഡിജിറ്റല്‍ സര്‍വകലാശാലയുമായി കൈകോര്‍ത്തത്.

2022 ബാച്ചിലേക്കുള്ള റിക്രൂട്ട്മെന്റും ആരംഭിച്ചു. മാസം 30,000 രൂപ ലഭിക്കുന്ന ഇന്റേണ്‍ഷിപ്പ് മുതല്‍ 8.5 ലക്ഷം വാര്‍ഷിക ശമ്പളമുള്ള ജോലിവരെയാണ് ഇതുവരെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന വാഗ്ദാനം.

മെഷീന്‍ ഇന്റലിജന്‍സ്, ഡേറ്റാ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ് എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങള്‍ കൂടുന്നതായാണ് സൂചനയെന്ന് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി.

കാവിഡ് കാലത്ത് റിക്രൂട്ട്മെന്റ് ഓണ്‍ലൈനായാണ് നടന്നതെങ്കിലും കുട്ടികള്‍ക്ക് അവസരം ലഭിക്കാന്‍ അത് തടസ്സമായില്ലെന്ന് സര്‍വകലാശാലാ വി.സി. ഡോ. സജി ഗോപിനാഥ് പറഞ്ഞു.