കണ്ണൂര്‍: ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെയും വിമലാ ശ്രീനിവാസന്റെയും മകന്‍ ധ്യാനും കോട്ടയംപാലയിലെ സെബാസ്റ്റ്യന്റെയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകള്‍ അര്‍പ്പിതയും വിവാഹിതരായി.

കണ്ണൂര്‍ കടലോരത്ത് വാസവ ക്ലിഫ് അങ്കണത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ചലച്ചിത്ര-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
 
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.പി.എം.നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍, പി.ജയരാജന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരന്‍, എ.ഡി.മുസ്തഫ, ബി.ജെ.പി. നേതാക്കളായ പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍, പി.സത്യപ്രകാശ്, സി.പി.ഐ. നേതാവ് സി.എന്‍.ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവരും സിനിമാരംഗത്തുനിന്ന് മാതൃഭൂമി ഡയറക്ടര്‍ പി.വി.ഗംഗാധരന്‍, സത്യന്‍ അന്തിക്കാട്, വി.എം.വിനു, മാമുക്കോയ, സുധീഷ്, ജോയ്മാത്യു, അനൂപ്ചന്ദ്രന്‍, ബിനീഷ് കോടിയേരി, അജുവര്‍ഗീസ്, പി.സുകുമാര്‍, എസ്.കുമാര്‍, വേണുഗോപാല്‍, എഴുത്തുകാരായ എം.മുകുന്ദന്‍, സി.വി.ബാലകൃഷ്ണന്‍, മാതൃഭൂമി ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍.പ്രമോദ് തുടങ്ങിയവരും സംബന്ധിച്ചു.
 
​തേന്‍വരിക്കച്ചുളയോടെ സദ്യത്തുടക്കം
 
കണ്ണൂര്‍: ചലച്ചിത്രകാരനും എഴുത്തുകാരനുമായ ശ്രീനിവാസന്റെ ചലച്ചിത്രനടനായ മകന്‍ ധ്യാനിന്റെ വിവാഹസദ്യ തുടങ്ങിയത് പഴുത്ത വരിക്കച്ചക്കച്ചുള വിളമ്പിക്കൊണ്ട്. തേന്‍ ഒഴിച്ച വെള്ളം നല്‍കിയാണ് അതിഥികളെ സ്വാഗതം ചെയ്തത്.

കണ്ണൂരില്‍ ബേബിബീച്ച് റോഡരികില്‍ വാസവ ക്ലിഫ് ഹൗസ് അങ്കണത്തില്‍ ഒരുക്കിയ ലളിതമായ പന്തലില്‍ അതിഥികളെ സ്വാഗതം ചെയ്തതുമുതല്‍ ഉടനീളം ശ്രീനിത്തനിമയുണ്ടായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സന്ദേശം സിനിമയില്‍ താന്‍ പെണ്ണുകാണാന്‍ പോയതിനെ അനുസ്മരിച്ചാണ് ശ്രീനിവാസന്‍ സ്വാഗതം തുടങ്ങിയത്. വിവാഹം ലളിതമായിരിക്കണം, ഒരു രക്തഹാരം അങ്ങോട്ടിടും ഒന്നിങ്ങോട്ടണിയിക്കുക... എന്ന ഡയലോഗ് ഓര്‍ത്തുകൊണ്ട് ശ്രീനിവാസന്‍ പറഞ്ഞു, പക്ഷേ ഇവിടെ അത്ര ലളിതമല്ല. തേന്‍ ഒഴിച്ച വെള്ളം. പിന്നെ പൂര്‍ണമായും ജൈവകൃഷിയിലൂടെ ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ കൊണ്ട് സദ്യ. നെല്ല് എന്റെ പാടത്തുണ്ടാക്കിയതാണ്. ജൈവപച്ചക്കറി കൃഷി നടത്തുന്ന സുഹൃത്തുക്കളില്‍നിന്നാണ് പച്ചക്കറി സംഭരിച്ചത്. നമുക്ക് വിവാഹച്ചടങ്ങ് വിനീതിന്റെ ഒരു പാട്ടോടെ തുടങ്ങാം.

വിവാഹിതനാകുന്ന ധ്യാനിന്റെ ജ്യേഷ്ഠനായ വിനീത് ഇങ്ങനെ ആരംഭിച്ചു: ഞങ്ങളുടെ വീട്ടില്‍ ഇപ്പോള്‍ ഹിന്ദുക്കളും ക്രിസ്ത്യാനിയുമായി. അതുകൊണ്ട് തുടക്കം മാപ്പിളപ്പാട്ടിലൂടെയാവാം... എന്റെ കല്‍ബിലെ എന്ന് തുടങ്ങുന്ന പാട്ടാണ് വിനീത് ശ്രീനിവാസന്‍ പാടിയത്. തുടര്‍ന്ന് ലളിതമായ വിവാഹചടങ്ങുകള്‍. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു വിവാഹം. സ്വാഗതത്തില്‍ പറഞ്ഞതുപോലെതന്നെ നഞ്ചില്ലാത്ത ഊണോടെ ചടങ്ങുകള്‍ തീര്‍ന്നു. തവിടുകളയാതെ പ്രത്യേകതരത്തില്‍ കുത്തിയെടുത്ത അരി കൊണ്ടുണ്ടാക്കിയ ചോറും ശ്രദ്ധേയമായി.