തൃശ്ശൂർ : സംസ്ഥാനത്തെ 268 പോലീസ് സ്റ്റേഷനുകളിൽകൂടി സി.ഐ.മാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാകും. ഇതോടെ സ്റ്റേഷൻചുമതലക്കാരുടെ നിയമനവും സ്ഥലംമാറ്റവും ഡി.ജി.പി.യുടെ നിയന്ത്രണത്തിലാകും. മുഴുവൻ സ്റ്റേഷനുകളിലും സി.ഐ.മാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കാനുള്ള (എസ്.എച്ച്.ഒ.) ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
സംസ്ഥാനത്ത് 471 സ്റ്റേഷനുകളാണുള്ളത്. 196 സ്റ്റേഷനുകളിൽ ഒരു കൊല്ലംമുമ്പ് സി.ഐ.മാരെ എസ്.എച്ച്.ഒ.മാരാക്കി. തിരുവനന്തപുരം വെസ്റ്റ്, പത്തനംതിട്ട, റാന്നി, പമ്പ, കൊച്ചി ഇൻഫോപാർക്ക്, പാലക്കാട് നോർത്ത്, കണ്ണൂർ ടൗൺ സ്റ്റേഷനുകളുടെ ചുമതല വർഷങ്ങളായി സി.ഐ.മാർക്കാണ്.
ഇവയൊഴികെയുള്ളവയുടെ ചുമതല ഇതുവരെ എസ്.ഐ.മാർക്കായിരുന്നു. ഇവരുടെ നിയമനവും സ്ഥലംമാറ്റവും നിയന്ത്രിച്ചിരുന്നത് എസ്.പി.മുതൽ മേലോട്ടുള്ള ഉദ്യോഗസ്ഥരും. എന്നാൽ, ഇനി ഡി.ജി.പി.ക്കുകൂടി ബോധ്യപ്പെട്ടാൽമാത്രമേ സി.ഐ.യെ സ്ഥലംമാറ്റാനാവൂ.
നാഷണൽ പോലീസ് കമ്മിഷൻ റിപ്പോർട്ട്, കെ.ടി. തോമസ് കമ്മിഷൻ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിഷ്‌കരണമാണ് ഇപ്പോൾ പൂർണതയിലെത്തിയത്. കമ്മിഷൻ ശുപാർശകൾ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും നടപ്പാക്കിയപ്പോൾ കേരളം പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു.
ഇത് നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മത്സരിച്ചത്. എന്നാൽ, അധികാരത്തിലെത്തിയിട്ടും നടപ്പാക്കാൻ പല തടസ്സങ്ങളുണ്ടായി. ലോക്‌നാഥ് ബെഹ്‌റയുടെ ഡി.ജി.പി. ആയുള്ള രണ്ടാം വരവിനുശേഷമാണ് പദ്ധതിക്ക് ജീവൻവെച്ചത്.
ഇതുവരെ ഒന്നിൽക്കൂടുതൽ സ്റ്റേഷനുകളുടെ നിയന്ത്രണാധികാരമുണ്ടായിരുന്ന സി.ഐ.മാർക്ക് ഇനി ഒരു സ്‌റ്റേഷന്റെകാര്യം നോക്കിയാൽ മതി. ക്രമസമാധാനത്തിനും കേസന്വേഷണത്തിനും രണ്ട് എസ്.ഐ.മാരുണ്ടാവും. രണ്ടു സംവിധാനങ്ങളുടെയും മേൽനോട്ടം സി.ഐ.യ്ക്കായിരിക്കും. ഇതിനുപുറമേ ജനമൈത്രി, സ്റ്റുഡന്റ് പോലീസ് തുടങ്ങിയവയുടെ നോഡൽ ഓഫീസർ ചുമതലയുമുണ്ടാകും.
സി.ഐ. ഇനി ഇൻസ്‌പെക്ടർ
എല്ലാ സ്‌റ്റേഷനുകളും ഇത്തരത്തിലാവുന്നതോടെ സംസ്ഥാനത്തെ 243 എസ്.ഐ.മാർ സി.ഐ. മാരായി ഉയർത്തപ്പെടും. 243 എസ്.ഐ.മാർക്ക് അടുത്തയാഴ്ച പോലീസ് അക്കാദമിയിൽ പരിശീലനം തുടങ്ങും. സംസ്ഥാനത്ത് ഡിവൈ.എസ്.പി.മാർ ചുമതലക്കാരായ രണ്ട് സ്റ്റേഷനുകളുമുണ്ട്. തിരുവനന്തപുരത്തെ സൈബർ, ക്രൈംബ്രാഞ്ച് സ്റ്റേഷനുകളാണിവ.