തിരുവനന്തപുരം: കൂടത്തായിയിലെ കൂട്ടക്കൊലയിലെ ഓരോ സംഭവവും പ്രത്യേകമായി അന്വേഷിക്കാൻ പോലീസ് ഒരുങ്ങുന്നു. ഇതിനായി അന്വേഷണസംഘം വിപുലീകരിക്കും. ഓരോ സംഭവത്തിന് പിന്നിലും ഓരോ ലക്ഷ്യങ്ങളാണെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ പറഞ്ഞു. അതിനാൽ, എല്ലാ കേസുകളും ഒന്നോ രണ്ടോ പേർക്ക് അന്വേഷിക്കാനാവില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം. ഇതിനായാണ് വിദഗ്ധരായ അന്വേഷണോദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിലേറെ കേസുകളായി അന്വേഷിക്കുന്നതിന് അഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യുക.

ശരീരാവശിഷ്ടങ്ങളിൽ ട്രേസ് അനാലിസിസ്

മരണത്തിന് കാരണമായ വിഷാംശത്തിന്റെ ചെറിയ കണികകൾപോലും കണ്ടെത്താൻ സാധിക്കുന്ന കെമിക്കൽ ട്രേസ് അനാലിസിസ് മൃതദേഹങ്ങളിൽ നടത്തും. കോടതിയുടെ അനുമതിയോടെ രാജ്യത്തെ മികച്ച ലാബുകളിൽ ഈ പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്. ആവശ്യമെങ്കിൽ വിദേശ ലാബുകളെ ആശ്രയിക്കുമെന്നും ഡി.ജി.പി. പറഞ്ഞു.

ഒട്ടേറെ പ്രതിസന്ധികളുള്ള കേസാണിത്. മരണങ്ങളുടെ കാലപഴക്കം തന്നെയാണ് പ്രധാന പ്രശ്നം. ഫൊറൻസിക് ഫലം നിർണായകമാണ്. പൊട്ടാസ്യം സയനൈഡിന്റെ സാനിധ്യം പരിശോധിച്ച് ഉറപ്പാക്കണമെങ്കിൽ വിദഗ്ധ സഹായം വേണം. ഇതിന് വിദേശലാബുകളിലെ പരിശോധന ആവശ്യമെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കും. സൈബർ വിദഗ്ധരുടെ സഹായം അന്വേഷണസംഘത്തിന് ലഭിക്കുന്നുണ്ട്. മെഡിക്കൽ-പോയിസൻ അനലൈസർ എന്നിവരുടെ സഹായവും അന്വേഷണത്തിന് ഉറപ്പുവരുത്തും.

തെളിവുശേഖരണത്തിന് വിദേശസഹായവും

ദൃക്‌സാക്ഷികളില്ലാത്ത കേസാണിത്. സാഹചര്യ തെളിവുകളാണ് വേണ്ടത്. അതിന് മറ്റ് വകുപ്പുകളുടെ സഹായം വേണം. വിദേശത്തുനിന്നുപോലും ഫൊറൻസിക് വിദഗ്ധർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഡി.ജി.പി. പറഞ്ഞു.

ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. ഡി.എൻ.എ. പരിശോധനയ്ക്ക് വിദേശ ലാബിലേക്കാണ് അയച്ചത്. ഇന്ത്യയിൽ ഇതിന് സംവിധാനങ്ങളുണ്ടെങ്കിലും, ഡി.എൻ.എ. വേർതിരിച്ചുള്ള പരിശോധനയ്ക്ക് വിദേശ ലാബുകളാണ് നല്ലതെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തത്.

പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യം, പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷമേ തീരുമാനിക്കൂ. പ്രത്യക്ഷമായോ പരോക്ഷമായോ കേസുമായി ബന്ധമുള്ളവരെയെല്ലാം ചോദ്യംചെയ്യും. ഇപ്പോൾ ശരിയായതും മികച്ചതുമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും ഡി.ജി.പി. പറഞ്ഞു.

Content Highlights: dgp loknath behra says about koodathai murders investigation