ഡോ. നാരായണമേനോൻതൃശ്ശൂർ: ഇൻഫ്രാറെഡ് ഉൾപ്പെടെയുള്ള സൂര്യരശ്‌മികൾ ഭൂമിയിൽ പതിക്കുന്നത് നിയന്ത്രിക്കുക എന്ന ആശയവുമായി മലയാളിയായ എയ്റോസ്പേസ് ശാസ്ത്രജ്ഞൻ രൂപകല്പന ചെയ്ത ഉപകരണത്തിന് അമേരിക്കയിൽ പേറ്റന്റ് ലഭിച്ചു. തൃശ്ശൂർ സ്വദേശിയായ ഡോ. നാരായണമേനോൻ കോമരത്ത് വികസിപ്പിച്ച ‘ഗ്ലിറ്റർ ബെൽറ്റ്‌’ എന്ന ഉപകരണത്തിനാണ് പേറ്റന്റ്.

ഭൂമിയിൽനിന്ന് ഒരുലക്ഷത്തോളം അടി ഉയരത്തിൽ എത്തിക്കുന്ന വ്യോമപേടകത്തിൽ സ്ഥാപിക്കുന്ന പ്രതിഫലനശേഷിയുള്ള കനം കുറഞ്ഞ വലിയ പാളികളാണ് ഗ്ലിറ്റർ ബെൽറ്റുകൾ. ഷീറ്റിലേക്കു വീഴുന്ന സൂര്യരശ്‌മികളെ അതേ ശക്തിയോടെ തിരികെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവിടുകയാണ് ഇവ ചെയ്യുക. ബെൽറ്റിന്റെ ഏറ്റവും വലിയ സവിശേഷത സൂര്യന്റെ ദക്ഷിണ, ഉത്തര ദിശകൾക്കനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്ന പറക്കുംചിറകുകളാണ്. ഏറ്റവും കൂടുതൽ താപമുള്ള ദിശയിലേക്ക് ഇവയ്ക്ക് കേന്ദ്രീകരിക്കാനാകും. ഒന്നിലേറെ പേടകങ്ങൾ ചേർത്ത് വലിയ കുടപോലെ നിവർത്താനും സാധിക്കും. ഇവയെ നിരീക്ഷിക്കാൻ ഭൂമിയിൽ പ്രത്യേക സ്റ്റേഷൻ ആവശ്യമാണ്.

ഉപയോഗശൂന്യമായ ചിറകുകൾ മാറ്റാനും പുനരുപയോഗിക്കാനും കഴിയുന്ന ഇവ ചെലവില്ലാതെ നിർവഹിക്കാൻ കഴിയുമെന്ന് ഡോ. നാരായണമേനോൻ കോമരത്ത് മാതൃഭൂമിയോട് പറഞ്ഞു. ഗ്ലിറ്റർ ബെൽറ്റിന്റെ ചെറുരൂപമാണ് പ്രവർത്തിപ്പിച്ചിട്ടുള്ളത്. കൂടുതൽ സംവിധാനങ്ങൾ ഉൾപ്പെടുത്തിവേണം ഇത് പൂർണമായി നിർമിക്കാൻ.

വലിയ സ്ഥാപനങ്ങളും രാജ്യങ്ങളും കൂടുതൽ ഗ്ലിറ്റർ ബെൽറ്റ് സ്ഥാപിക്കുകയാണെങ്കിൽ ആഗോളതാപനത്തിന്റെ രൂക്ഷത കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. എങ്കിലും ഇത് ആഗോളതാപനത്തിന് ഒരു പ്രതിവിധിയല്ല. മരംനടൽ, മലിനീകരണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ വിപുലമാവുന്നതുവരെ ഒരു നിയന്ത്രണസംവിധാനമായി വേണം കാണാൻ.

മദ്രാസ് ഐ.ഐ.ടി.യിൽനിന്ന് 1978-ൽ കെമിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ഇദ്ദേഹം ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഏയ്റോസ്പേസ് എൻജിനീയറിങ്ങിലാണ് പിഎച്ച്.ഡി. നേടിയത്. ജോർജിയ സർവകലാശാലയിൽ വകുപ്പുമേധാവിയായാണ് വിരമിച്ചത്. സീനിയർ സോഫ്റ്റ്‌വേർ എൻജിനീയർ ആയിരുന്ന പദ്മാവതിയാണ് ഭാര്യ. അമേരിക്കയിൽ സ്ഥിരതാമസമായിരുന്ന ഇരുവരും ഉടനെ നാട്ടിലേക്ക് മടങ്ങിയെത്തും.