ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങൾക്കായി യുട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ചു ചർച്ചയാരംഭിച്ചു. ജീവനക്കാരാണു പ്രശ്നം ബോർഡിന്റെ ശ്രദ്ധയിൽക്കൊണ്ടുവന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ആയിരത്തിരുനൂറോളം ക്ഷേത്രങ്ങളുണ്ടെങ്കിലും അവയ്ക്കുവേണ്ടത്ര പ്രചാരം കിട്ടുന്നില്ലെന്നുള്ള പരാതിയെത്തുടർന്നാണിത്. ഇവിടങ്ങളിലെ വിശേഷങ്ങൾ തത്സമയം എല്ലായിടത്തും എത്തിക്കാനും കഴിയുന്നില്ല.

ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും മികച്ച രീതിയിൽ ചിത്രീകരിക്കുക, ഉത്സവങ്ങൾ ലൈവായി നൽകുക, വിശേഷപൂജകളെക്കുറിച്ച് അറിയിക്കുക തുടങ്ങിയവയ്ക്കൊപ്പം തത്സമയം കാണിക്കനൽകാനും വഴിപാട് കഴിക്കാനുമുള്ള സംവിധാനവും ഏർപ്പെടുത്തിയാൽ വരുമാനത്തിൽ വർധന ഉണ്ടാകുമെന്നാണു വിലയിരുത്തൽ. ഇതിനൊപ്പം പരസ്യവരുമാനവും ലഭിക്കാൻ സാധ്യതയുള്ളതിനാൽ യുട്യൂബ് ചാനൽ നടത്തിപ്പിൽ ബാധ്യതയുണ്ടാവില്ലെന്നാണു ജീവനക്കാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വഴിപാട് കൃത്യമായി ഭക്തർക്ക് എത്തിച്ചുനൽകുന്നതിന് കൂറിയർ കമ്പനികളുമായി ചർച്ചനടത്താൻ ധാരണയായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയാണു സമാന്തര വരുമാനമാർഗം കണ്ടെത്തുന്നതിനുള്ള ചർച്ചകളിലേക്കു നയിച്ചത്.