തിരുവനന്തപുരം: സംസ്ഥാന ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ പറ്റുന്ന ദിവസം തന്നെ നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നത് പരിഹരിക്കാന്‍ മുദ്രപത്രത്തില്‍ കരാര്‍ വച്ച് നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം.രാജഗോപാലന്‍ നായര്‍, ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, കമ്മിഷണര്‍ എന്‍.വാസു, ബോര്‍ഡ് സെക്രട്ടറി എസ്.ജയശ്രീ, ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നേതാക്കളായ സി.എന്‍.രാമന്‍, ജി.വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.ഷാജിശര്‍മ്മ ആധ്യക്ഷ്യം വഹിച്ചു. ജനറല്‍ സെക്രട്ടറി ആനയറ ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കെ.മുരളീധരന്‍ നായര്‍ നന്ദി പറഞ്ഞു.

ഭാരവാഹികളായി ആര്‍.ഷാജി ശര്‍മ്മ (സംസ്ഥാന പ്രസിഡന്റ്), ആനയറ ചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), കെ.മുരളീധരന്‍ നായര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.