തിരുവനന്തപുരം: പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ പുറത്താക്കി. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി കുറച്ചാണ് പ്രയാറിനെയും യു.ഡി.എഫ്. പ്രതിനിധി അജയ് തറയിലിനെയും പുറത്താക്കിയത്. അതേസമയം, എല്‍.ഡി.എഫ്. നിയമിച്ച കെ. രാഘവന് കാലാവധി രണ്ടുവര്‍ഷം തികയാത്തതിനാല്‍ തുടരാനാകും.

12-നാണ് പ്രയാറും അജയ് തറയിലും രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുക. വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭ ചേര്‍ന്നാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. ഇതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ ഇരുവരും ഒഴിയേണ്ടിവരും.

മണ്ഡലകാലത്തിന് തൊട്ടുമുമ്പാണ് ദേവസ്വം ബോര്‍ഡ് അഴിച്ചുപണിയുന്നത്. ഇത് ശബരിമല മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. പുതിയ അംഗങ്ങളെ നിയോഗിക്കാന്‍ താമസമുണ്ടായാല്‍ ദേവസ്വം സെക്രട്ടറിക്ക് ചുമതല നല്‍കേണ്ടിവരും.

കഴിഞ്ഞവര്‍ഷം ശബരിമല അവലോകനയോഗത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരസ്യമായി പ്രതികരിച്ചിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ പ്രയാറിന്റെ നിലപാടിനോട് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

മുമ്പ് ജി. രാമന്‍നായര്‍, എം.പി. ഗോവിന്ദന്‍നായര്‍ എന്നിവരുടെ അധ്യക്ഷതയിലുണ്ടായിരുന്ന ബോര്‍ഡുകള്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പ് സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടുണ്ട്.

1950-ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതിചെയ്താണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കിനിശ്ചയിക്കാനും സിറ്റിങ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി.

ഇപ്പോള്‍ പ്രസിഡന്റിന്റെ ഓണറേറിയം 5000 രൂപയും അംഗങ്ങളുടേത് 3500 രൂപയുമാണ്. സിറ്റിങ് ഫീസ് വ്യവസ്ഥചെയ്തിട്ടില്ല. പത്തുവര്‍ഷംമുമ്പ് നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിങ് ഫീസ് നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സ് കരടില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

രാഷ്ട്രീയപ്രേരിതം

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍തീരുമാനം രാഷ്ട്രീയപ്രേരിതമാണ്. മൂന്നുവര്‍ഷത്തേക്കാണ് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ എന്നെ നിയമിച്ചത്. എന്റെ കാലയളവില്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ഒരു ആക്ഷേപവും ഉണ്ടായിട്ടില്ല. ശബരിമലയില്‍ ഭക്തജന താത്പര്യം സംരക്ഷിക്കുന്നതിന് ഒട്ടേറെ പരിപാടികള്‍ നടപ്പാക്കി. -പ്രയാര്‍ ഗോപാലകൃഷ്ണന്‍