തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലും വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക് നേട്ടം. വകുപ്പിന് കീഴിലെ സ്ഥാപനങ്ങൾ 3149 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. കലവൂരിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ആണ് ഇതിൽ മുൻനിരയിലുള്ളത്. കെ.എസ്.ഡി.പി. 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. ഈ വർഷം 100 കോടിയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്. സാനിറ്റൈസർ നിർമാണത്തിലേക്ക് കടന്നാണ് സ്ഥാപനം മുന്നേറ്റമുണ്ടാക്കിയത്. കോവിഡ് രോഗനിർണയം നടത്താൻ ശ്രവം ശേഖരിക്കുന്ന എക്സാമിനേഷൻ ബൂത്ത്, സ്വാബ് കലക്‌ഷൻ ബൂത്ത്, ഈസി ഐസൊലേറ്റ് സംവിധാനം, ഫെയ്‌സ് മാസ്ക് ഡിസ്പോസൽ ബിൻ എന്നിവയുടെ നിർമാണവും തുടങ്ങി. പാരസെറ്റമോൾ മാത്രം നിർമിച്ചിരുന്ന സ്ഥാപനം ആന്റിബയോട്ടിക്കുകൾ, ഇൻജക്‌ഷൻ മരുന്നുകൾ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ എന്നിവയും നിർമിക്കുന്നുണ്ട്.

ചെലവ് കുറഞ്ഞ രീതിയിൽ ഹാൻഡ് സാനിറ്റൈസർ ഉത്‌പാദിപ്പിച്ച് ട്രാവൻകൂർ ടൈറ്റാനിയവും മുന്നേറി. തനതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് ‘ടൈ സെക്യൂർ’ എന്ന പേരിൽ ഹാൻഡ് സാനിറ്റൈസറും ലിക്വിഡ് സോപ്പും വാഷ്‌റൂം ലോഷനും വിപണിയിൽ എത്തിച്ചു. കമ്പനിയിലെ ഉപോത്‌പന്നമായ ചുവന്ന ജിപ്‌സം ഉപയോഗിച്ച് കടൽക്ഷോഭം തടയാൻ നിർമിച്ച ബ്ലോക്കുകൾ പുതിയ പ്രതീക്ഷയാണ്.

1.2 കോടി ലാഭം നേടിയ മലബാർ സിമന്റ്‌സ് ആറുകോടിയുടെ പ്രവർത്തന ലാഭവും കൈവരിച്ചു. കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈൽ കോർപ്പറേഷന്റെ (കെ.എസ്.ടി.സി.) കീഴിലുള്ള രണ്ട് മില്ലുകളും നാല് സഹകരണ സ്പിന്നിങ് മില്ലുകളും കഴിഞ്ഞ നവംബറിൽ പ്രവർത്തനലാഭം നേടി. അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഫെറസ് ഫൗണ്ടറി നിർമാണശാല ഓട്ടോകാസ്റ്റ് ചരക്ക് തീവണ്ടികൾക്കായുള്ള കാസ്‌നബ് ബോഗികൾ ഉത്തര റെയിൽവേക്ക്‌ നിർമിച്ചു നൽകി. മാരുതിയുടെ ആവശ്യത്തിനുള്ള ബ്രേക്ക് ഓർഡറും ഓട്ടോകാസ്റ്റിന് നൽകി. കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ആരംഭിച്ച കേരളാ നീം ജി ഇലക്‌ട്രിക് ഓട്ടോയ്ക്ക് നല്ല പ്രചാരമാണ് ലഭിക്കുന്നത്. കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയിലും പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കാളികളായി. 42 സ്ഥാപനങ്ങളിലായി 150.32 ഏക്കർ സ്ഥലത്ത് കൃഷിയിറക്കി.