തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെ.എസ്.ഐ.ഇ.) മാനേജിങ് ഡയറക്ടർ സർക്കാർ കണക്കിൽ വിരമിച്ചിട്ട് 50 ദിവസമായി. എന്നാൽ, ഇടതുസർവീസ് സംഘടനാനേതാവുകൂടിയായിരുന്ന ഇദ്ദേഹം ഇപ്പോഴും ഓഫീസ് വിട്ടിട്ടില്ല. പുതിയ ആളെ നിയമിച്ച് സർക്കാർ ഉത്തരവുമിറക്കിയിട്ടില്ല. ‘സർക്കാർ ഉത്തരവുവഴിയെ വന്നോളും’ എന്നാണ് ഔദ്യോഗിക വിശദീകരണം.

വ്യവസായവകുപ്പിന് കീഴിലാണ് കെ.എസ്.ഐ.ഇ. പൊതുമേഖലാസ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർമാരെ നിയമിക്കുന്നത് പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രധാന നിയമനം നടത്തുന്ന ബോർഡായ ‘റിയാബ്’ വഴിയാണ്. ഇ.പി. ജയരാജന്റെ ബന്ധുനിയമന വിവാദം വന്നതിനുശേഷം ഇത്തരം നിയമനങ്ങൾക്ക് വിജിലൻസ് അനുമതിയും നിർബന്ധമാക്കി. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനായ രാജേന്ദ്രൻപിള്ളയെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചത്. വിരമിക്കുന്ന 2020 മേയ് 31 വരെ കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടറായി തുടരാമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്.

സ്വർണക്കടത്ത് കേസിൽ വിവാദമായ തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സ് ഉൾപ്പെടെ കെ.എസ്.ഐ.ഇ.യുടെ നിയന്ത്രണത്തിലാണ്. ഇതിന്റെ തലപ്പത്താണ് സർക്കാർ ഉത്തരവുപോലുമില്ലാതെ, രാഷ്ട്രീയപിൻബലത്തിൽ ഒരാൾ ചുമതലവഹിക്കുന്നത്. നേരത്തേ ഐ.എ.എസ്., ഐ.പി.എസ്. റാങ്കിലുള്ളവരാണ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുണ്ടായിരുന്നത്. ഇത് അട്ടിമറിച്ച് യു.ഡി.എഫ്. കാലത്തും ചില നിയമനങ്ങളുണ്ടായിരുന്നു.

ഉത്തരവില്ലാതെ തുടരുന്നതിൽ പ്രശ്‌നമില്ല

ഇതൊരു സാധാരണ നടപടിക്രമംമാത്രമാണ്. ഉത്തരവിറങ്ങാൻ വൈകുന്നത് ആ ചുമതല നിർവഹിക്കുന്നതിന് തടസ്സമല്ല. മുൻകാല പ്രാബല്യത്തോടെ സർക്കാർ ഉത്തരവിറക്കും.

- രാജേന്ദ്രൻപിള്ള, മാനേജിങ് ഡയറക്ടർ, കെ.എസ്.ഐ.ഇ.

തുടരുന്നത് സർക്കാർ തീരുമാനമില്ലാതെ

മാനേജിങ് ഡയറക്ടറായി രാജേന്ദ്രൻപിള്ള തുടരുന്നത് സർക്കാർ അനുമതിയില്ലാതെയാണ്. കാലാവധി നീട്ടിക്കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. സർക്കാർ തീരുമാനമെടുത്തിട്ടില്ല. കോവിഡ് കാലമായതുകൊണ്ട് ഓഫീസ് കാര്യങ്ങളിൽ ഇടപെടാനായിട്ടില്ല.

സ്‌കറിയ തോമസ്, ചെയർമാൻ, കെ.എസ്.ഐ.ഇ.

Content Highlights: Despite retiring, KSIE The chief remains in office