തൃശ്ശൂർ: കേരളത്തിലെ നിരത്തുകളിൽ കഴിഞ്ഞ വർഷമുണ്ടായിരുന്നത് 3.75 ലക്ഷം ലോറികൾ. ഇതിൽ ടിപ്പറുൾപ്പെടെ ഭാരംകയറ്റുന്ന വാഹനങ്ങളെല്ലാം ഉൾപ്പെടും. ഇപ്പോഴുള്ളത് 3.25 ലക്ഷം ലോറികൾ. ഒറ്റവർഷത്തിൽ സംസ്ഥാനത്തെ നിരത്തിൽനിന്നൊഴിഞ്ഞത് അരലക്ഷം ലോറികളാണ്. കേരളത്തിലെ ലോറിയുടമകളുടെ സംഘടനയായ ലോറി ഓണേഴ്‌സ് വെൽഫെയർ ഫെഡറേഷന്റെ കണക്കാണിത്.

1. പൊളിച്ചുവിൽക്കാനായി 20,000

വാഹനങ്ങൾ പൊളിച്ചുവിൽക്കാനുള്ള നിയമം ഉദാരമാക്കി. പൊളിച്ച വാഹനങ്ങളുടെ ഉടമകൾക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ 20,000-ത്തിൽപരം ലോറികൾ പൊളിക്കാനായി കൊണ്ടുപോയി.

2. വിറ്റൊഴിഞ്ഞത് 15,000

നിരത്തിലിറക്കാൻ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. 20 വർഷത്തിലേറെയുള്ള ലോറികൾ നിരത്തിൽനിന്നു വിലക്കി. അതോടെ നിരത്തൊഴിഞ്ഞത് 15,000-ത്തിലേറെ ലോറികളാണ്. ഇവയെല്ലാം വൻകി‌ട പൊളിക്കൽ കമ്പനികൾ വാങ്ങിക്കഴിഞ്ഞു. ഈ കമ്പനികളിൽ‍ നൽകിയാൽ ഭാവിയിൽ പുതിയ വാഹനം വാങ്ങുന്പോൾ ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്. പുതിയ വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. 2020 ഏപ്രിലിൽ നിയമം കർശനമാക്കുന്നതോടെ വില ഇനിയും ഇടിയുമെന്നു മനസ്സിലാക്കി പഴയ ലോറികൾ വിറ്റഴിക്കാനുള്ള തിരക്കാണ്.

3. അടവ് മുടങ്ങി പിടിച്ചെടുത്തത് 12,000

കടത്ത് കുറഞ്ഞ് പ്രതിസന്ധിയിലായി തിരിച്ചടവ് മുടങ്ങിയ ആയിരക്കണക്കിന് ലോറികളാണ് വായ്പ നൽകിയവർ പിടിച്ചെടുത്തിരിക്കുന്നത്. 12,000-ത്തിൽപരം ലോറികൾ ഇത്തരത്തിൽ മാത്രം നിരത്തിൽനിന്ന് ഒഴിവായി.

ക്വാറികളുടെ പ്രവർത്തനം കർശനമാക്കിയതോടെ അവിടെനിന്ന് പുറത്തിറക്കാനാകാതെ 2000-ത്തോളം ലോറികൾ ക്വാറികളിലും അനുബന്ധ സ്ഥാപനങ്ങളിലും കിടപ്പുണ്ട്.

content highlights: Desistance of lorries in kerala