കൊച്ചി: പ്രസവത്തിന് മുമ്പുണ്ടാകുന്ന അമിതമാനസിക ഉത്കണ്ഠ കേരളത്തിലെ ഗർഭിണികളെ വിഷാദരോഗികളാക്കുന്നതായി പഠനങ്ങൾ. ശാരീരിക-മാനസിക മാറ്റങ്ങൾ ഇക്കാലയളവിൽ സാധാരണമായതിനാൽ ലക്ഷണങ്ങളെ ആരും തിരിച്ചറിയുന്നില്ല. ഇത്തരം ആശങ്കകൾ സാധാരണമായി കരുതുന്നതും പ്രസവാനന്തര മാനസിക-ശാരീരിക സൗഖ്യത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നതും പ്രസവപൂർവ വിഷാദത്തെ ശ്രദ്ധിക്കാതെ പോകുന്നതിന് കാരണമാകുന്നുണ്ട്.

സംസ്ഥാനത്ത് ഗർഭിണികളായ 1200-ൽപരം യുവതികളാണ് കോഴിക്കോട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ്‌ ന്യൂറോ സയൻസസ് (ഇംഹാൻസ്) നടത്തിയ പഠനത്തിന്റെ ഭാഗമായത്. 14.5 ശതമാനം സ്ത്രീകളിൽ പ്രസവാനന്തര വിഷാദം കാരണമായപ്പോൾ 11 ശതമാനം സ്ത്രീകളിലാണ് പ്രസവപൂർവ വിഷാദം കണ്ടെത്തിയത്. ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് പ്രശ്നങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ആഗോളതലത്തിൽ ഏകദേശം 10 ശതമാനം ഗർഭിണികളും 13 ശതമാനം പ്രസവാനന്തര അമ്മമാരും മാനസിക വിഭ്രാന്തി അനുഭവിക്കുന്നുണ്ട്. വികസ്വരരാജ്യങ്ങളിൽ ഇത് ഗർഭകാലത്ത് 15.6 ശതമാനവും പ്രസവാനന്തരം 19.8 ശതമാനവുമാണ്.

കാരണങ്ങൾ

* പ്രസവത്തെക്കുറിച്ചുള്ള അമിതാശങ്ക

* പ്രതീക്ഷിക്കാതെ ഗർഭം ധരിച്ചത്

* കുട്ടികളുടെ ലിംഗം സംബന്ധിച്ച് കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നുമുള്ള സമ്മർദം

* പങ്കാളിയുടെ മോശമായ ഇടപെടലുകൾ

* മാനസികാസ്വാസ്ഥ്യത്തിന് കഴിച്ചിരുന്ന മരുന്നുനിർത്തിയത്

* മുമ്പുനടന്ന ഗർഭച്ഛിദ്രം അല്ലെങ്കിൽ മറ്റുള്ളവരുടെ അനുഭവങ്ങൾ

* പങ്കാളിയുടെ സംരക്ഷണവും പരിചരണവും ലഭിക്കാത്തത്

* രണ്ടാമത്തെ പ്രസവമാണെങ്കിൽ ആദ്യകുട്ടിയിൽനിന്ന് അകന്നുനിൽക്കേണ്ടിവരുന്നത്.

പിന്തുണയും പരിചരണവും ആവശ്യം

ഗർഭിണികളിലും അമ്മമാരിലും സ്വാഭാവികമായി കാണുന്ന ആശങ്കയ്ക്കും സമ്മർദത്തിനുപോലും മാനസിക പിന്തുണയും പരിചരണവും ആവശ്യമാണ്. വളരെ സാധാരണമാണെന്ന നിലയിൽ ഇവ തള്ളിക്കളയുന്നത് സ്വാഭാവികമാണ്. ഗർഭധാരണംതൊട്ട് കുറഞ്ഞത് 15 മാസം തുടർപരിചരണം വേണം. ഓരോ മാസത്തെ വൈദ്യപരിശോധനയിലും മാനസികസൗഖ്യത്തിന് പ്രാധാന്യം നൽകണം. ജോലി ചെയ്യുന്ന സ്ത്രീകൾ കൂടുന്ന സാഹചര്യത്തിൽ ഓഫീസ് സ്ഥലത്തും ഇവർക്ക് വേണ്ട സൗകര്യം നൽകണം. - സി.ജെ. ജോൺ, മാനസികാരോഗ്യ വിദഗ്ധൻ.

Content Highlights: Depression During Pregnancy increases in kerala