ഏറ്റുമാനൂർ: മലയാള സിനിമയിലെ സൂപ്പർഹിറ്റുകളുടെ തമ്പുരാൻ അരങ്ങൊഴിഞ്ഞു. തിരകഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫ് ഇനി ഓർമ. ചെറുവാണ്ടൂർ സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വളരെ അടുത്ത ബന്ധുക്കളും നാട്ടുകാരും മാത്രമാണ് ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തത്.

മൃതദേഹം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പേരൂരിലെ വീട്ടിലെത്തിച്ചു. ചലച്ചിത്രരംഗത്തെ പ്രമുഖർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

മൂന്നുമണിയോടെ വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ഭാര്യ ലീനയും മകൻ ജോസും മകൾ റോസിയും കർമങ്ങളിൽ പങ്കുചേർന്നു. ഓസ്ട്രേലിയയിലുള്ള മൂത്ത മകൾ എലിസബത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല.

നിർമാതാവും നടനും മാതൃസഹോദരനുമായ േപ്രംപ്രകാശ്, അദ്ദേഹത്തിന്റെ മക്കളും തിരക്കഥാകൃത്തുക്കളുമായ ബോബി, സഞ്ജയ് എന്നിവർ പങ്കെടുത്തു.

മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുംവേണ്ടി കോട്ടയം തഹസിൽദാർ എസ്. രാജശേഖരൻ റീത്ത് സമർപ്പിച്ചു.

എം.എൽ.എ.മാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, നിയുക്ത എം.എൽ.എമാരായ വി.എൻ. വാസവൻ, മോൻസ് ജോസഫ്, മാക്ടയ്ക്കുവേണ്ടി സംവിധായകൻ പ്രദീപ് നായർ, െപ്രാഡ്യൂസേഴ്സ് അസോസിയേഷനുവേണ്ടി ജൂബിലി ജോയ് തോമസ്, ഫിലിം ചേംബറിനുവേണ്ടി ജൂബിലന്റ് സജി, െപ്രാഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനുവേണ്ടി സജി കോട്ടയം, തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.

content highlights: dennis joseph last rites performed