തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം ഡെങ്കിപ്പനി തലപൊക്കുന്നു. മൂന്നാഴ്ചക്കിടെ 250-ലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഴക്കാലം ആരംഭിച്ചതോടെ വെള്ളക്കെട്ടുകളിൽ കൊതുകുപെരുകാൻ തുടങ്ങിയതാണ് ഡെങ്കിപ്പനി വ്യാപിക്കാൻ കാരണം.

വെള്ളിയാഴ്ച എറണാകുളം ജില്ലയിൽമാത്രം 19 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാഴ്ചയായി മിക്കദിവസവും ഇരുപതിലധികം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്.

ചിക്കുൻഗുനിയ, എലിപ്പനി, ചെള്ളുപനി തുടങ്ങിയവയും പല മേഖലകളിലും വ്യാപകമായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺമാസംമാത്രം 54 പേർക്ക് ചിക്കുൻഗുനിയ ബാധിച്ചു. 72 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. എലിപ്പനി ബാധിതരിൽ 12 പേർക്ക് ഈമാസം ജീവൻ നഷ്ടമായി. ഈ വർഷം 125 പേർക്ക് ചെള്ളുപനി സ്ഥിരീകരിച്ചതിൽ 14-ഉം ഈമാസമായിരുന്നു. ആറുപേർ മരിക്കുകയും ചെയ്തിരുന്നു.

അതേസമയം, സാധാരണ പനിബാധിതരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്.