പെരിന്തൽമണ്ണ: നോട്ടുകൾ നിരോധിച്ച് രണ്ടുവർഷം തികയുമ്പോഴും അവയുടെ ക്രയവിക്രയങ്ങൾ ധാരാളം നടക്കുന്നു. നിരോധിതനോട്ടുകൾ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നത് ഇപ്പോഴും അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തിട്ട പോലീസിനും അതേക്കുറിച്ച് വിവരമില്ലെന്നതാണ് വസ്തുത. ഇപ്പോഴും കോടിക്കണക്കിന് രൂപ പുറത്തെത്താതെയുണ്ടെന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസവും പിടിച്ചെടുത്ത നിരോധിത നോട്ടുകൾ.

മലപ്പുറംജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സബ്ഡിവിഷൻ പരിധിയിൽ മാത്രം ഇതുവരെ പിടിച്ചെടുത്തത് 16.95 കോടിയുടെ നോട്ടുകളാണ്. ചില ഏജന്റുമാർ കമ്മീഷൻ അടിച്ചെടുക്കാൻ നടത്തുന്ന ഇടപാടുകളാണെന്നും കുഴൽപ്പണ സംഘങ്ങൾക്ക് വലിയ പങ്കുണ്ടെന്നും പോലീസ് പറയുന്നു. പിടിച്ചെടുത്ത നോട്ടുകളെല്ലാം ഉപയോഗിച്ചുകൊണ്ടിരുന്നവയാണ്. വലിയതോതിൽ ശേഖരിച്ചുവെച്ച ഇത്രയും നോട്ടുകൾ കുഴൽപ്പണ സംഘങ്ങളുടെ കൈവശമാണ് ഉണ്ടാവുകയെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം പിടിയിലായവരിൽ നിന്ന് നോട്ടുകൾ എവിടെനിന്ന് ലഭിച്ചുവെന്നോ, എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ കൃത്യമായ വിവരം ലഭിക്കുന്നില്ല. ഏതെങ്കിലുമൊരാളുടെ നിർദേശപ്രകാരം നിശ്ചിതസ്ഥലത്ത് എത്തിക്കാനാണ് ഇവരോട് ആവശ്യപ്പെടുന്നത്. അവിടെയെത്തുമ്പോൾ മറ്റൊരാൾ വന്ന് വാങ്ങുമെന്നും നിർദേശിക്കും. ഇവർ തമ്മിൽ അറിയാനോ പരിചയപ്പെടാനോ അവസരം നൽകില്ല. ഇത് കുഴൽപ്പണസംഘങ്ങളുടെ രീതിയാണെന്ന് പോലീസ് പറയുന്നു.

ഒരു കോടിക്ക് 20 ലക്ഷംവരെ പുതിയനോട്ടുകൾ നൽകാമെന്നാണ് വാഗ്ദാനം. ഇതിൽനിന്ന് ഒരുതുക നേരത്തെ ഏജന്റുമാർ കൈക്കലാക്കും. ചില ബാങ്കുകളുടെ ഉദ്യോഗസ്ഥർ വഴിയാണ് നോട്ടുകൾ മാറിക്കിട്ടുകയെന്നും വിശ്വസിപ്പിക്കും. ഇതിനായി ഏജന്റ് പറയുന്ന ബാങ്കിലേക്ക് പണത്തിന്റെ ഉടമയെത്തുമ്പോൾ ബാങ്കിലെ ഉദ്യോഗസ്ഥനെന്ന് തോന്നിപ്പിക്കുന്നയാളെ പരിചയപ്പെടുത്തും. ഇവർക്കിടയിലേക്ക് ഏജന്റുമാരെന്ന വ്യാജേന പോലീസും സംഘത്തിൽ ചേരുന്നതോടെയാണ് പണം പിടിക്കപ്പെടുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആണ് നോട്ടുകൾ കൊണ്ടുപോകുന്നതെന്നാണ് പിടിയിലാകുന്നവർ പറയുന്നത്. ഇത്തരം സംഘങ്ങളുണ്ടെങ്കിൽ തന്നെ അവരിലേക്കെത്താൻ പോലീസിന് സാധിച്ചിട്ടില്ല. വിദേശത്തുള്ളവർക്ക് പഴയനോട്ട് മാറ്റിവാങ്ങാൻ അനുവദിച്ചിരുന്നത് 2017 മാർച്ച് 31 വരെയാണ്. ഇതിന് ശേഷം ഒരു ബാങ്കുകളും പഴയനോട്ടുകൾ മാറി നൽകിയിട്ടില്ലെന്നും പോലീസ് പറയുന്നു.