കൊച്ചി: നിയമംലംഘിച്ച് പണിത നാല്‌ ഫ്ളാറ്റുകൾ നിലംപൊത്തിക്കഴിഞ്ഞു. എന്നാൽ, കൊച്ചി പഴയ കൊച്ചിയാകാൻ ഇനി വൻപ്രയത്നം കൂടിയേ തീരൂ. യഥാർഥപ്രശ്നം ഇനിയാണ് ഉയരുന്നത്. കെട്ടിടാവശിഷ്ടങ്ങൾ തിങ്കളാഴ്ച മുതൽ നീക്കിത്തുടങ്ങുമെന്ന് എഡിഫെസ് പാർട്ണർ ഉൽകർഷ് മേത്ത അറിയിച്ചു. ഇനിയെന്ത് എന്നതിൽ വ്യക്തമായ പ്ലാൻ ഉണ്ടെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും ജനം ആശങ്കയിലാണ്. കാറ്റിന്റെ ഗതിയനുസരിച്ച് പൊടി പടരുമെന്നതിനാൽ വരുംദിവസങ്ങളിൽ രൂക്ഷമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾ ഉറപ്പ്. കെട്ടിടാവശിഷ്ടങ്ങളിൽനിന്നുള്ള പൊടിയുടെ സാന്ദ്രത സംബന്ധിച്ച പഠനങ്ങളുടെ വിവരങ്ങളും അടുത്തദിവസം ലഭിക്കും .

കോൺക്രീറ്റും ഇരുമ്പും വേർതിരിക്കും

കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്, ഇതിനുശേഷമുള്ള കോൺക്രീറ്റ് മാലിന്യം നീക്കുന്നത് പ്രോംപ്റ്റ് എന്റർപ്രൈസസാണ്. തിങ്കളാഴ്ചതന്നെ ഇതാരംഭിക്കും. 10 എൻജിനിയർമാരും 40 ജീവനക്കാരും ഉണ്ടാവും. കോൺക്രീറ്റിൽനിന്ന് ഇരുമ്പ് വേർതിരിക്കലാണ് ആദ്യഘട്ടം. ഇതിനൊപ്പം അവശിഷ്ടങ്ങളും പ്രോംപ്റ്റിന്റെ ജീവനക്കാർ നീക്കും. ഒരു സൈറ്റിൽ അഞ്ചുലോറികൾ വീതം അനുവദിച്ചിട്ടുണ്ട്. അവശിഷ്ടം നീക്കാനുള്ള റബിൾ മാസ്റ്റർ 20-നകം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാലിന്യം നീക്കാൻ പല വെല്ലുവിളികൾ

പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ അനുവദിച്ച സമയം 70 ദിവസംമാത്രമാണ്. 45 ദിവസംകൊണ്ട് നീക്കാനാകുമെന്ന് ഉൽക്കർഷ് മേത്ത പറഞ്ഞു. കൊച്ചിയിലെ ഗതാഗതകുരുക്കിൽ ഇത് എത്രത്തോളം സാധ്യമാണെന്നു കണ്ടറിയണം. ആദ്യദിനം പൊളിച്ച ഹോളിഫെയ്ത്തിന്റെയും അൽഫാ സെറിന്റെയും അവശിഷ്ടങ്ങൾ 42,850 ടണ്ണാണുള്ളത്. ഞായറാഴ്ച പൊളിച്ച രണ്ട് ഫ്ളാറ്റുകളിൽനിന്ന് 33,500 ടൺ അവശിഷ്ടവും. ജെയിൻ കോറൽകോവിൽ 26,400 ടണ്ണും ഗോൾഡൻ കായലോരത്തിൽ 7100 ടണ്ണുമാണ് അവശിഷ്ടം. അവശിഷ്ടങ്ങൾ പരമാവധി കായലിൽ വീഴ്ത്താതെയാണ് പൊളിച്ചത്. പക്ഷേ, പ്രകമ്പനങ്ങളും പൊടിയും കായലിനുണ്ടാക്കിയ പാരിസ്ഥികാഘാതങ്ങൾ പിന്നീടേ അറിയാനാകൂ. പൊടിയുർത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കും വരും ദിവസങ്ങൾ സാക്ഷ്യംവഹിക്കേണ്ടിവരും.

Content Highlights: demolitioned flat waste materials will be cleared today onwards