കൊച്ചി: കോവിഡിനെ ചെറുക്കാൻ രണ്ടു മാസ്ക്‌ ഒന്നിച്ചിടുന്നത് ഫലപ്രദമാണെന്ന വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് സംസ്ഥാനത്ത് സർജിക്കൽ മാസ്‌കിന് ആവശ്യക്കാരേറുന്നു. ഒരു സർജിക്കൽ മാസ്‌കും അതിനുമുകളിലായി തുണിമാസ്‌കും ധരിക്കുന്നതിലൂടെ 85 ശതമാനത്തോളം വൈറസിനെ ചെറുക്കാൻ കഴിയുമെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ നിർദേശിച്ചത്. ഇതോടെ തുണിമാസ്‌ക് ഉപയോഗിച്ചിരുന്ന നല്ലൊരു ശതമാനം ആളുകളും സർജിക്കൽ മാസ്‌ക് തേടിയെത്തി. എൻ 95 മാസ്‌ക് ഉപയോഗം സുരക്ഷിതമാണെങ്കിലും വില കൂടുതലാണ്.

ഡബിൾ മാസ്‌കിങ്ങിന്റെ പ്രചാരണം ശക്തമായതോടെ കൂടുതൽ എണ്ണം വാങ്ങനെത്തുന്നർ കൂടിയെന്ന് മെഡിക്കൽ സ്‌റ്റോർ ജീവനക്കാർ പറയുന്നു. മൂന്നുമാസത്തേക്കുള്ള മാസ്‌കുകളാണ് പലസ്ഥലങ്ങളിലും സ്റ്റോക്ക് ചെയ്തിരുന്നത്, ആവശ്യം കൂടിയതോടെ സ്‌റ്റോക്ക് വേഗത്തിൽ തീരുന്ന സാഹചര്യമാണ്.

ഡൽഹി, ഗാസിയാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള സർജിക്കൽ മാസ്‌കുകളാണ് കേരളത്തിലേക്ക് കൂടുതലായി എത്തിയിരുന്നത്. ഇതിനൊപ്പംതന്നെ സന്നദ്ധസംഘടനകളും ചെറിയ യൂണിറ്റുകളും മാസ്‌ക് നിർമാണം ആരംഭിച്ചതോടെ മെഡിക്കൽ ഷോപ്പുകൾക്ക് പുറമേ പൊതുവിപണിയിലും സർജിക്കൽ മാസ്‌ക് ലഭിക്കാൻ തുടങ്ങി. രണ്ട് ലെയർ സർജിക്കൽ മാസ്‌കിന് എട്ടു രൂപയും മൂന്നു ലെയർ മാസ്‌കിന് 10 രൂപയുമാണ് മെഡിക്കൽ സ്റ്റോറുകളടക്കം പൊതുവിപണിയിൽ ഈടാക്കുന്നത്. നിലവാരം കുറച്ച മാസ്‌കുകളും വിപണിയിലുണ്ട്, ഇതു തടയാനായി ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പരിശോധനകൾ കർശനമാക്കി.

സുരക്ഷയ്ക്ക് പ്രാധാന്യമുള്ള മാസ്‌കുകൾ മാത്രം

‘‘കോവിഡ് രണ്ടാം തരംഗത്തിൽ എല്ലാ മെഡിക്കൽ സാധനങ്ങൾക്കും ഷോർട്ടേജ് വന്നതുപോലെ മാസ്‌കിനും വന്നിട്ടുണ്ട്. മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി ഹോം മെയ്‌ഡ് മാസ്‌കുകൾ വിപണിയിലെത്തുന്നതോടെ ഈ ക്ഷാമം പരിഹരിക്കപ്പെടും. അംഗീകൃത കമ്പനികളിൽനിന്നുള്ള മാസ്‌കുകളാണ് മെഡിക്കൽ ഷോപ്പുകളിൽ നൽകുന്നത്.’’

വി. മനോഷ്

പ്രസിഡന്റ്

ഓൾ കേരള സയന്റിഫിക് ആൻഡ് സർജിക്കൽ ഡീലേഴ്‌സ് അസോസിയേഷൻ

Content highlight: Demand for Surgical Masks