കടപ്ര(പത്തനംതിട്ട): കോവിഡിന്റെ പുതിയ വകഭേദം ഡെൽറ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിൽ സ്ഥിരീകരിച്ചു. നാലുവയസ്സുള്ള ആൺകുട്ടിയിലാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിലെ കടപ്രയിലാണ്‌ ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാലക്കാട്ട്‌ രണ്ടുപേർക്ക്‌ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്‌. രോഗവ്യാപന ശേഷി കൂടുതലുള്ളതാണ് ഡെൽറ്റ പ്ലസ് വകഭേദം.

കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിലുള്ള കുട്ടിക്ക് മേയ് 24-നാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രോഗമുക്തനായി. ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ.-ഐ.ജി.ഐ.ബി.യിൽ കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനം നടത്തിയിരുന്നു. ഇതിലൂടെയാണ് വകഭേദത്തിന്റെ സ്ഥിരീകരണം.

കടപ്രയിൽ ജില്ലാഭരണകൂടം കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. കുട്ടി താമസിക്കുന്ന വാർഡ് നിലവിൽ ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ഏരിയയാണ്. ടി.പി.ആർ. 18.42 ശതമാനമാണ്. പ്രദേശത്തെ കോവിഡ് രോഗികളെ കരുതൽവാസ കേന്ദ്രത്തിലേക്കു മാറ്റാൻ തീരുമാനിച്ചതായി പത്തനംതിട്ട കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.