കൊച്ചി: മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന പോലീസ് യഥാസമയം നടത്താതിരുന്നതിന് ന്യായമെന്തെന്ന് ഹൈക്കോടതി. ശ്രീറാമിന്റെ ജാമ്യംറദ്ദാക്കാൻ സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് രാജവിജയരാഘവൻ സർക്കാരിനോട് ഇക്കാര്യം ചോദിച്ചത്.

കോടതിയുടെ മറ്റു ചോദ്യങ്ങൾ

മദ്യപിച്ചതായി സംശയമുണ്ടെങ്കിൽ ശ്വാസപരിശോധനയും രക്തപരിശോധനയും ആവശ്യമാണ്. അഞ്ചുമിനിറ്റിനകം പോലീസ് സ്ഥലത്തെത്തി. സംഭവംനടന്ന് 15 മിനിറ്റിനകം ചെയ്യേണ്ട രക്തപരിശോധന 10 മണിക്കൂർ കഴിഞ്ഞ് നടത്തിയിട്ട് എന്ത് കാര്യം.

തിരുവനന്തപുരം നഗരമായിട്ടും ഈ ഘട്ടത്തിൽ ഒരു എസ്.ഐ. മാത്രമേ ഉണ്ടായിരുന്നുള്ളോ.

ഗവർണറുൾപ്പെടെയുള്ളവർ താമസിക്കുന്ന സുപ്രധാന മേഖലയായിട്ടും അതിവേഗം തെളിയിക്കാൻ സി.സി.ടി.വി.ദൃശ്യങ്ങൾ ലഭിച്ചില്ലേ.

രക്തപരിശോധനാ സാമ്പിൾ എടുക്കുന്നതിലെ വീഴ്ചയ്ക്ക് മ്യൂസിയം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയാണ് കുറ്റപ്പെടുത്തേണ്ടത്. ഈ ഘട്ടത്തിൽ ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ കാരണമെന്ത്.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുമ്പോൾ തെളിവുറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടിക്രമം എന്തെല്ലാം. അതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കി നടപ്പാക്കിയിട്ടുണ്ടോ.

സർക്കാർ അപേക്ഷ നാളേക്ക്‌ മാറ്റി

ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് നൽകാൻ ഉത്തരവിട്ട് സർക്കാരിന്റെ ഹർജി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കൂട്ടുപ്രതിയുടെ രഹസ്യമൊഴി ഉൾപ്പെടെ വസ്തുതകൾ പരിഗണിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയതെന്നാണ് സർക്കാരിന്റെ ഹർജി.

Content Highlights: Delay-taking Sriram's blood-highcourt