തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിനെ എ.ഡി.ജി.പി.യായി തരംതാഴ്ത്താൻ തീരുമാനം. ഇതുസംബന്ധിച്ച പൊതുഭരണവകുപ്പിന്റെ നിർദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണു വിവരം. ഇത്തരത്തിൽ അച്ചടക്ക നടപടി നേരിടേണ്ടിവരുന്ന ആദ്യത്തെ ഐ.പി.എസ്. ഉദ്യോഗസ്ഥനാകും ജേക്കബ് തോമസ്.

ഐ.പി.എസ്. ഉദ്യോഗസ്ഥനായതിനാൽ ഫയൽ കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിനു കൈമാറും. അവിടെയാകും അന്തിമതീരുമാനം കൈക്കൊള്ളുക. അതിനുമുമ്പ് ജേക്കബ് തോമസിൽനിന്ന് ഒരിക്കൽക്കൂടി വിശദീകരണം തേടും. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് തരംതാഴ്ത്തൽ നടപടി.

ഇപ്പോൾ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എം.ഡി.യായ ജേക്കബ് തോമസ് പുസ്തകമെഴുതിയത് സർവീസ് ചട്ടം ലംഘിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുരുതര വീഴ്ചയാണിതെന്നാണ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിനെത്തുടർന്ന് അദ്ദേഹം 2017 മുതൽ സസ്പെൻഷനിലായി. നാലുതവണ സസ്പെൻഷൻ നീട്ടിയശേഷം കഴിഞ്ഞവർഷം അവസാനമാണ് ഇപ്പോഴുള്ള ചുമതല നൽകിയത്. അടുത്ത മേയിൽ വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരേ അച്ചടക്കനടപടിക്ക് തീരുമാനിച്ചിരിക്കുന്നത്.

എസ്.ഐ. ആകേണ്ടി വന്നാലും സന്തോഷം

നീതിമാനാണിപ്പോൾ സംസ്ഥാനത്ത് നീതി നടപ്പാക്കുന്നത്. പോലീസിൽ എസ്.ഐ.യായി ജോലിചെയ്യേണ്ടിവന്നാലും സന്തോഷം. ഒരു തരംതാഴ്ത്തൽ നടക്കുന്നു എന്നു തോന്നുന്നില്ല. തരംതിരിക്കലാണ്. സർക്കാർ ചില തീരുമാനങ്ങൾ നടപ്പാക്കുന്നു. നമ്മൾ പൗരൻമാരെന്തു ചെയ്യും? തരംതിരിക്കുന്നതിനോട് എതിർപ്പില്ല. നിലവിൽ ജോലി ചെയ്യുന്നത് മെറ്റൽ ഇൻഡസ്ട്രീസിലാണ് അവിടെ ഡി.ജി.പി.യോ എ.ഡി.ജി.പി.യോ ഇല്ല. അവിടെ ഇൗ നടപടി എങ്ങനെ ബാധിക്കുമെന്നറിയില്ല.

-ജേക്കബ് തോമസ് (പാലക്കാട്ട് പത്രസമ്മേളനത്തിൽ)

Content Highlight: Degrade  DGP  Jacob Thomas