തൃശ്ശൂർ: പത്തുവർഷംമുന്പ് ഉപരിപഠനത്തിനായി ബ്രിട്ടനിലേക്ക് പോയ തൃശ്ശൂരിലെ ദീപക് എന്ന യുവാവിന്റെ ജീവിതവിജയകഥ ലണ്ടനിലെ മൈഗ്രേഷൻ മ്യൂസിയത്തിൽ സ്ഥാനംപിടിച്ചു. ബ്രിട്ടനിലേക്ക് ചേക്കേറുകയും ബ്രിട്ടനിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയും ചെയ്ത് വ്യക്തിപ്രഭാവമുണ്ടാക്കിയെടുത്തവരുടെ ജീവിതകഥയാണ് ലണ്ടനിലെ മൈഗ്രേഷൻ മ്യൂസിയം പറയുന്നത്. ഇൗ മ്യൂസിയത്തിൽ ഇടംപിടിച്ച ആദ്യ മലയാളിയാണ് തൃശ്ശൂർ ചേറൂരിലെ മുപ്പത്തിമൂന്നുകാരനായ ദീപക് ഡൊമിനിക് ചെവിടൻ.

എൽത്തുരുത്ത് സെയ്‌ന്റ് അലോഷ്യസ് കോളേജിൽനിന്ന് ബി.എസ്‌സി. ഫിസിക്സ് ജയിച്ചശേഷമാണ് ദീപക് എം.എസ്‌സി. ബിസിനസ് മാനേജ്മെന്റ് പഠനത്തിന് ബ്രിട്ടനിലേക്ക് പോയത്. മറ്റ് രാജ്യങ്ങളിൽനിന്ന് പഠനത്തിനെത്തുന്നവർക്ക് രണ്ടുവർഷംകൂടി ജോലിചെയ്യാനുള്ള വിസ എന്ന വ്യവസ്ഥ ദീപക് ബ്രിട്ടനിലെത്തിയ അതേമാസം സർക്കാർ റദ്ദാക്കി. അത് തിരിച്ചടിയായെങ്കിലും ബ്രോമ്‍ലി സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇൗവനിങ് സ്റ്റാൻഡേർഡ് പത്രം വിതരണം ചെയ്തും ഹോട്ടലിൽ ജോലിചെയ്തും അവിടെ പിടിച്ചുനിന്നു. വലിയ സൗഹൃദങ്ങളുണ്ടാക്കി. ഒപ്പം ജോലിയിലും മുന്നേറി.

ലണ്ടൻ സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രശസ്ത ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനിയിൽ സീനിയർ പ്രോപ്പർട്ടി സെയിൽസ് നെഗോഷ്യേറ്ററാണ് ദീപക് ഇപ്പോൾ.

ബ്രിട്ടനിൽ ആദ്യമായി ചെയ്ത പത്രവിതരണജോലിയിൽ ഉപയോഗിച്ചിരുന്ന ടീഷർട്ടും തൊപ്പിയും മൈഗ്രേഷൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ദീപക് സ്വയം എഴുതിയ ചെറു ജീവിതക്കുറിപ്പും പ്രദർശനത്തിന് വെച്ചിട്ടുണ്ട്.

ബിരുദത്തിന് പഠിക്കുന്ന കാലത്ത് കോളേജിലെ മാഗസിൻ എഡിറ്ററായിരുന്നു ദീപക്. അന്ന് മാഗസിനിലേക്ക് പരസ്യം പിടിക്കുന്നതിൽ തുടങ്ങിയതാണ് മാർക്കറ്റിങ് പരിചയം.

ബിരുദത്തിനുശേഷം തൃശ്ശൂർ പുഴയ്ക്കലിലെ ടാറ്റാ കാർ ഷോറൂമിൽ മാർക്കറ്റിങ് വിഭാഗത്തിൽ േചർന്നു. ഒരുമാസംകൊണ്ട് 23 നാനോ കാറുകൾ വിറ്റ് ദക്ഷിണേന്ത്യയിൽ മാർക്കറ്റിങ്ങിൽ ഒന്നാമനായി. അവിടെനിന്നാണ് മാർക്കറ്റിങ് പഠനത്തിനായി ബ്രിട്ടനിൽ എത്തിയതും ചരിത്രത്തിന്റെ ഭാഗമായതും.

പാവറട്ടി സ്റ്റേഷനിൽനിന്ന് എ.എസ്.െഎ. ആയി വിരമിച്ച ഡൊമിനിക് ചെവിടനാണ് അച്ഛൻ. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്കൂളിൽനിന്ന് സംസ്കൃതം അധ്യാപികയായി വിരമിച്ച എൽസിയാണ് അമ്മ.