തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തെത്തുടർന്ന്, അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി.യുമായുള്ള ട്രോളർനിർമാണ കരാർ സർക്കാർ റദ്ദാക്കി. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി (കെ.എസ്.ഐ.എൻ.സി.) 400 ട്രോളറുകളുടെ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിനും ഒപ്പുവെച്ച 2950 കോടി രൂപയുടെ കരാറാണ് റദ്ദാക്കിയത്.
മത്സ്യനയത്തിന് എതിരായ കരാർ ഒപ്പിട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം. കരാർ ഒപ്പിടാനുണ്ടായ സാഹചര്യം പരിശോധിക്കും. കെ.എസ്.ഐ.എൻ.സി. എം.ഡി. എൻ. പ്രശാന്തിൽനിന്നു വിശദീകരണം തേടും. സർക്കാർ അറിയാതെ ഒപ്പിട്ട കരാറാണെന്നും ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരായ ഇ.പി. ജയരാജനും മേഴ്‌സിക്കുട്ടിയമ്മയുമാണ് കരാറിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വിദേശ കമ്പനിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിനയച്ച കത്തും അദ്ദേഹം പരസ്യപ്പെടുത്തി. ഇ.എം.സി.സി. പ്രതിനിധികൾ മന്ത്രി മേഴ്സിക്കുട്ടിയമ്മയുമൊത്തുള്ള ചിത്രവും അദ്ദേഹം പുറത്തുവിട്ടു.
ഫെബ്രുവരി മൂന്നിന് ഒപ്പിട്ട കരാറാണ് റദ്ദാക്കുന്നത്. എന്നാൽ, ഇ.എം.സി.സി.ക്ക് ഭക്ഷ്യസംസ്‌കരണ യൂണിറ്റ് തുടങ്ങാൻ ചേർത്തല പള്ളിപ്പുറത്ത് നാലേക്കർ സ്ഥലം അനുവദിച്ചത് റദ്ദാക്കിയിട്ടില്ല. സ്ഥലം അനുവദിച്ചെങ്കിലും കമ്പനി പണം അടയ്ക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപകസംഗമമായ അസന്റിൽ ഒപ്പുവെച്ച 5000 കോടി രൂപയുടെ ധാരണപത്രവും റദ്ദാക്കിയിട്ടില്ല. 2020 ജനുവരിയിൽ ഒപ്പുവെച്ച ധാരണപത്രത്തിന്റെ കാലാവധി ആറുമാസം കഴിയുന്നതോടെ സ്വഭാവികമായി തീരുമെന്നും അതിനാൽ നടപടിയെടുക്കേണ്ടതില്ലെന്നുമാണ് സർക്കാരിന്റെ വാദം.
Content Highlights: Deep sea fishing controversy-E.M.C.C MoU canceled