കൊച്ചി: സോളാർ എനർജി കോർപ്പറേഷനുമായുള്ള 1676 കോടിയുടെ കരാറിനു പിന്നാലെ നാഷണൽ ഹൈഡ്രോപവർ കോർപ്പറേഷനുമായും കേരളം സൗരോർജ കരാറിനൊരുങ്ങുന്നു. പ്രതിദിനം 200 മെഗാവാട്ട് വാങ്ങാൻ കെ.എസ്.ഇ.ബി. ഡയറക്ടർ ബോർഡ് അനുമതി നൽകി. എന്നാൽ, യൂണിറ്റിന് എത്രരൂപ, എത്രവർഷത്തേക്ക് എന്നിങ്ങനെയുള്ള കാര്യങ്ങൾ അനുമതിപത്രത്തിലില്ല. കാൽനൂറ്റാണ്ടിലേക്കുള്ള കരാറാണെങ്കിൽ മൂവായിരം കോടി രൂപയോളം വരുമെന്നാണു സൂചന.

കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.എച്ച്.പി.സി. സ്വകാര്യ ഊർജ ഉത്പാദകരിൽനിന്ന് സൗരോർജം വാങ്ങി വിൽക്കുന്ന മധ്യവർത്തിയാണ്. രണ്ടായിരം മെഗാവാട്ട് സൗരോർജ ഉത്പാദകരിൽനിന്ന് എൻ.എച്ച്.പി.സി. വാങ്ങിയിരുന്നു. ഇതിൽനിന്നാണ് കേരളം 200 മെഗാവാട്ട് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ സോളാർ എൻർജി കോർപ്പറേഷനിൽനിന്ന് യൂണിറ്റിന് 4.04 രൂപയ്ക്കാണ് 25 വർഷത്തേക്കുള്ള കരാറിന് തീരുമാനമെടുത്തത്.

ഓരോവർഷവും നിശ്ചിതശതമാനം സൗരോർജ വൈദ്യുതി ഉപയോഗിക്കണമെന്ന നിബന്ധനയുടെ ചുവടുപിടിച്ചാണ് കരാറുകൾ. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിബന്ധനപ്രകാരം 2021-22ൽ 895.96 ദശലക്ഷം യൂണിറ്റ് സൗരോർജം ഉപയോഗിക്കണം. കേരളത്തിലെ ആഭ്യന്തര സൗരോർജ ഉത്പാദനം ലക്ഷ്യം കാണാത്തതാണ് പുറമേനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിനു പിന്നിൽ. നിലവിലെ ആഭ്യന്തര ഉത്പാദനം 155 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ബാക്കി 741 ദശലക്ഷം യൂണിറ്റ് നിബന്ധനപ്രകാരം കേരളം കണ്ടെത്തണം.

സൗരോർജ വൈദ്യുതി പകൽ മാത്രമാണു ലഭിക്കുക എന്നതിനാൽ കേരളം ഇതുവരെ കാര്യമായ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പകൽ കേരളത്തിൽ വൈദ്യുതി മിച്ചമാണ്. കഴിഞ്ഞവർഷവും സമാന നിബന്ധനകളുണ്ടായിരുന്നു. ഇത് പാലിക്കാൻ കേരളത്തിനു കഴിഞ്ഞിരുന്നില്ല. ഇതിന് റെഗുലേറ്ററി കമ്മിഷൻ ഇതുവരെ പിഴ ചുമത്തിയിട്ടില്ല.

കമ്മിഷന് സമർപ്പിച്ചിരിക്കുന്ന വാർഷിക റിപ്പോർട്ടിലും പിഴ സംബന്ധിച്ച പരാമർശങ്ങളില്ല. നിലവിൽ പുറമേനിന്ന് എത്തിക്കുന്ന വൈദ്യുതിയിൽ പ്രതിദിനം 1.45 കോടി യൂണിറ്റ് കേരളം ഉപയോഗിക്കാതെ തിരികെ നൽകുകയാണ്. സൗരോർജം കൊണ്ടുവന്നാലും ഇതുതന്നെയാവും സ്ഥിതി.