വടകര: പുല്ലൂക്കര മൻസൂർ വധക്കേസിലെ രണ്ടാംപ്രതി, തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട കൂലോത്ത് രതീഷിനൊപ്പം മറ്റുചില പ്രതികൾകൂടി ചെക്യാട് മേഖലയിൽ ഉണ്ടായിരുന്നതായി സൂചന. ഇതുസംബന്ധിച്ച മൊഴി അന്വേഷണസംഘത്തിനു ലഭിച്ചു.

മൊബൈൽ ടവർ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലും ഒരു പ്രതിയുടെ സാന്നിധ്യംകൂടി ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങൾ സൈബർസെൽ അന്വേഷണസംഘത്തിന്‌ കൈമാറി. ഒന്നിൽക്കൂടുതൽ പേർ ഒപ്പമുണ്ടായിരുന്നെന്നും സംശയമുണ്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്നല്ലാതെ കൊലപാതകമാണെന്നോ ആത്മഹത്യയാണെന്നോ ഇതുവരെ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ചയും കേസുമായി ബന്ധപ്പെട്ട് ചിലരുടെ മൊഴികൾ കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ.ശ്രീനിവാസും അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജി ജോസും രേഖപ്പെടുത്തി. ഒമ്പതാംതീയതി രതീഷിനെ ജോലിചെയ്തിരുന്ന ചെക്യാട് മേഖലയിൽ കണ്ടവരുണ്ട്.