തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം കാണാതായ സംഭവത്തിൽ രണ്ടുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളോട് കൃത്യമായ മറുപടി പറയാനാകാതെ മെഡിക്കൽ കോളേജ് അധികൃതർ. മൃതദേഹം കാണാതായതല്ലെന്നും മാറിപ്പോയതാണെന്നുമുള്ള വിശദീകരണത്തിൽ ഉറച്ചുനിൽക്കുകയാണ് ആശുപത്രി അധികൃതർ.

എന്നാൽ, മൃതദേഹം മാറിയെടുത്തിട്ടില്ലെന്നും ദഹിപ്പിച്ചത് മണികണ്ഠന്റെ മൃതദേഹം തന്നെയാണെന്നും ബന്ധുക്കൾ ആവർത്തിക്കുന്നു. മോർച്ചറിയിൽ ഉണ്ടെന്ന് പറയുന്ന മൃതദേഹം പരിശോധിക്കാൻ മണികണ്ഠന്റെ ബന്ധുക്കൾ വിസമ്മതിക്കുന്നതും പ്രശ്‌നപരിഹാരത്തിന് ബുദ്ധിമുട്ടാകുന്നു.

ഇതിനിടെ, ചിതാഭസ്മം ലഭിക്കുമോയെന്ന് അന്വേഷിച്ച് പ്രസാദിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരെ സമീപിച്ചു. സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ അധീനതയിലുള്ള കാര്യത്തിൽ അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടതെന്നുമാണ് മെഡിക്കൽ കോളേജ് പോലീസിന്റെ നിലപാട്. ഇതോടെ വിഷമവൃത്തത്തിലായിരിക്കുകയാണ് ചെറിയകൊല്ല സ്വദേശി പ്രസാദിന്റെ ബന്ധുക്കൾ.

കഴിഞ്ഞദിവസമാണ് കോവിഡ് രോഗിയുടെ മൃതദേഹം കാണാതായതായി പരാതിയുയർന്നത്. ചെറിയകൊല്ല വടക്കിൻകര പോങ്ങോട് സ്വദേശി പ്രസാദി(47)ന്റെ മൃതദേഹം കാണാനില്ലെന്ന് ആരോപിച്ച് ബന്ധുക്കളാണ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. കോവിഡ് ബാധിച്ച് മരിച്ച വെങ്ങാനൂർ കല്ലിയൂർ പാപ്പിനിശ്ശേരി സ്വദേശി മണികണ്ഠ(49)ന്റെ മൃതദേഹത്തിന് പകരം പ്രസാദിന്റെ മൃതദേഹം കൊണ്ടുപോയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മണികണ്ഠന്റെ മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമദ് പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്തു.

എന്നാൽ, മണികണ്ഠന്റെ മൃതദേഹം മാറിപ്പോയിട്ടില്ലെന്നും മുഖം പരിശോധിച്ച് ഉറപ്പാക്കിയാണ് മൃതദേഹം ഏറ്റുവാങ്ങി തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചതെന്നും ബന്ധുക്കൾ ആവർത്തിക്കുന്നു. മണികണ്ഠന്റേതെന്ന് കരുതുന്ന മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നും പരിശോധിക്കാൻ എത്തണമെന്നും ചൊവ്വാഴ്ചയും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. എന്നാൽ, ബന്ധുക്കൾ എത്തിയില്ല. ബുധനാഴ്ച മണികണ്ഠന്റെ ഏറ്റവും അടുത്ത ബന്ധുക്കളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

അതിനിടെ, ആംബുലൻസിൽ കയറ്റാൻ നേരമാണ് മൃതദേഹം മാറിപ്പോയതെന്ന് സുചനയുണ്ട്. മണികണ്ഠന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാൻ നേരം ഹെൽത്ത് ഇൻസ്‌പെക്ടറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ബന്ധുക്കൾ മൃതദേഹം കണ്ട് ഉറപ്പിക്കുകയും ചെയ്തു. ആംബുലൻസ് എത്തുംവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. ഇതിന് തൊട്ടടുത്തായാണ് പ്രസാദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരുന്നതും. മൃതദേഹം ആംബുലൻസിലേക്ക് എടുത്തുകയറ്റിയപ്പോൾ മാറിപ്പോയതാണെന്നാണ് സൂചന.