തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം കാണാതായ സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

ചെറിയകൊല്ല വടക്കിൻകര പോങ്ങോട് സ്വദേശി പ്രസാദി(47)ന്റെ മൃതദേഹം കാണാതായ സംഭവത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ വി.മോഹനകുമാറിനെ മെഡിക്കൽ കോേളജ് സൂപ്രണ്ട് സസ്‌പെൻഡ് ചെയ്തത്. മൃതദേഹം കാണാതായതല്ലെന്നും മറ്റൊരു കൂട്ടർക്ക് മാറി നൽകിയതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കോവിഡ് ബാധിച്ച് മരിച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വെങ്ങാനൂർ കല്ലിയൂർ പാപ്പിനിശ്ശേരി സ്വദേശി മണികണ്ഠന്റെ(49) മൃതദേഹത്തിന് പകരം പ്രസാദിന്റെ മൃതദേഹം കൊണ്ടുപോയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

മണികണ്ഠന്റെ മൃതദേഹം മാറിപ്പോയിട്ടില്ലെന്നും പരിശോധിച്ച് ഉറപ്പാക്കിയാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വീട്ടുകാർ പറയുന്നത്. പ്രസാദിന്റെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് മെഡിക്കൽ കോേളജ് പോലീസ്, മെഡിക്കൽ കോേളജ് സൂപ്രണ്ടിനോട് വിശദീകരണം തേടി. മൃതദേഹം മാറിയെടുത്ത് ശാന്തികവാടത്തിൽ ദഹിപ്പിച്ച മണികണ്ഠന്റെ വീട്ടുകാർക്കെതിരേയും കേസെടുക്കണമെന്നും പരാതിയിലുണ്ട്.

ആറുമാസങ്ങൾക്കു മുൻപും മെഡിക്കൽ കോേളജിൽ ഇതേ സംഭവം ആവർത്തിച്ചിരുന്നു. അന്നും സുരക്ഷാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുക മാത്രമാണുണ്ടായത്.

മേയ് ഒന്നിന് രാവിലെയാണ് പോങ്ങോട് സ്വദേശി പ്രസാദ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മരിച്ചത്. പ്രസാദിന്റെ മരണശേഷമുള്ള കോവിഡ് ഫലം പോസിറ്റീവായിരുന്നു. തുടർന്ന് പ്രോട്ടോക്കോളനുസരിച്ച് മോർച്ചറിയിലേക്ക് മാറ്റി. ഇതേ ദിവസം രാവിലെ 10-ന് വെങ്ങാനൂർ കല്ലിയൂർ പാപ്പിനിശ്ശേരി സ്വദേശി മണികണ്ഠനും മരിച്ചു. മണികണ്ഠന്റെ കോവിഡ് പരിശോധനാഫലവും പോസിറ്റീവാണ്. തുടർന്ന് മണികണ്ഠനേയും ഇതേ മോർച്ചറിയിലേക്ക് മാറ്റി.

രണ്ടുപേരുടേയും മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത് അടുത്തടുത്തുള്ള മോർച്ചറി ഫ്രീസറുകളിലായിരുന്നു. മൃതദേഹങ്ങളിൽ പേരും വിലാസവുമെഴുതിയ ടാഗും ധരിപ്പിക്കും. ഈ ടാഗ് പരസ്പരം മാറിപ്പോയതാകും മൃതദേഹം മാറിയെടുക്കാൻ കാരണമെന്നാണ് പ്രാഥമികനിഗമനം.

മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം എത്തിയത് മണികണ്ഠന്റെ ബന്ധുക്കളാണ്. പി.പി.ഇ.കിറ്റ് ധരിപ്പിച്ച് മോർച്ചറിയിൽ കയറ്റി ബന്ധുക്കളെ മൃതദേഹം കാണിച്ചു. തുടർന്ന് ആംബുലൻസിൽ കയറ്റി തൈക്കാട് ശാന്തികവാടത്തിലെത്തി. ഈ സമയം മൃതദേഹം ഏറ്റുവാങ്ങാൻ പ്രസാദിന്റെ ബന്ധുക്കളെത്തി. എല്ലാ ഫ്രീസറുകളും പരിശോധിച്ചെങ്കിലും മോർച്ചറിയിൽ പ്രസാദിന്റെ മൃതദേഹം കണ്ടെത്താനായില്ല. ആശുപത്രി ജീവനക്കാർ മണികണ്ഠന്റെ ബന്ധുക്കളെ വിളിച്ച് മൃതദേഹം മാറിപ്പോയതായി പറഞ്ഞു. എന്നാൽ, തങ്ങളെ അകത്ത് കയറ്റി കാണിച്ചത് മണികണ്ഠന്റെ മൃതദേഹം തന്നെയാണെന്നും പിന്നെ എങ്ങനെ മാറിപ്പോയെന്നും ബന്ധുക്കൾ ചോദിച്ചു.

അപ്പോഴേക്കും ദഹിപ്പിക്കൽ കഴിഞ്ഞിരുന്നു. തുടർന്നാണ് പ്രസാദിന്റെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. അതേസമയം, മണികണ്ഠന്റെ മൃതദേഹമാണ്‌ ഇപ്പോഴും മോർച്ചറിയിൽ ഉള്ളതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചനയെന്നും പോലീസ് പറയുന്നു.

Content Highlight: Dead body missing