കൊച്ചി: തദ്ദേശീയമല്ലാത്ത മത്സ്യക്കുഞ്ഞുങ്ങളെ വനത്തിനുള്ളിലെ അണക്കെട്ടിലും മറ്റും ഇടുന്നത് ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അവഗണിക്കുന്നു. നാടന്‍ മത്സ്യ ഇനങ്ങള്‍ക്കു ഭീഷണിയാകുമെന്നതിനാല്‍ ഇത് നിര്‍ത്തിവെയ്ക്കണമെന്ന് കാട്ടി കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് മേധാവി ഡോ. പി.ഒ. നമീര്‍ ആണ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ജലാശയ പരിസ്ഥിതി തകര്‍ത്ത് വിദേശയിനങ്ങള്‍ കൂടിവരുന്നു.

പതിനഞ്ചിലധികം വിദേശയിനം മത്സ്യങ്ങള്‍ ഇതിനകം സംസ്ഥാനത്തെ അണക്കെട്ടുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ഉണ്ടെന്നാണ് കണക്ക്. തന്റെ മുന്നില്‍ കാണുന്ന ഏതു ജീവിയേയും ഭക്ഷിക്കുന്ന ആഫ്രിക്കന്‍ മുഷി, ഗോള്‍ഡ്ഫിഷ്, നൈല്‍ തിലാപ്പിയ, മലേഷ്യന്‍ വാള, റെയിന്‍ബോ ട്രോട്ട്, മൊസാംബിയന്‍ തിലാപ്പിയ, ഗൗര, റെഡ് ബില്ലീസ്, പിരാന, പാക്കു, സക്കര്‍കാന്‍ ഫിഷ്, ബ്ലൂ ഗൗര, പ്ലേറ്റി, ഗ്രീന്‍സോര്‍ഡ് ടെയില്‍ ഗപ്പി, ഗംബൂസിയ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

മറ്റു മത്സ്യങ്ങള്‍ ഉള്‍പ്പെടെ ജലാശയത്തിലെ എന്തിനെയും ഭക്ഷിക്കുന്ന വിദേശയിനങ്ങള്‍ നാട്ടിനങ്ങളെ പ്രത്യക്ഷത്തില്‍ നശിപ്പിക്കുന്നു എന്നു മാത്രമല്ല, ജലാശയത്തിന്റെ പരിസ്ഥിതിയെയും മറ്റൊന്നാക്കി മാറ്റുന്നു. ഗപ്പിയും ഗംബൗസിയയും മറ്റു മത്സ്യങ്ങളുടെ മുട്ട ഭക്ഷിക്കുന്നവയാണ്. നാടന്‍ ഇനങ്ങളുടെ പ്രജനനം ഇവയുടെ സാന്നിധ്യംകൊണ്ട് തീരെ കുറഞ്ഞുപോകും. ആഫ്രിക്കന്‍ മുഷി ധാരാളമുള്ള തേക്കടി തടാകത്തില്‍ തേക്കടി പാണ്ടന്‍ കൊയ്മ, കരിയാന്‍, കരിമ്പാച്ചി, ബ്രാഹ്മണകണ്ട, തേക്കടി കല്ലൊട്ടി, കടുവ കൊയ്മ എന്നീ നാടന്‍ ഇനം മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു

ആദിവാസികള്‍ക്ക് പിടിച്ചുകഴിക്കാന്‍ വേണ്ടിയാണ് വനത്തിലെ അണക്കെട്ടുകളില്‍ വിദേശയിനങ്ങളെ ഇട്ടു വളര്‍ത്തുന്നതെന്നാണ് ഫിഷറീസ് വകുപ്പിന്റെ പക്ഷം. ആദിവാസി ക്ഷേമപദ്ധതിയായതിനാല്‍ തങ്ങള്‍ അത് അനുവദിക്കുന്നുണ്ടെന്ന് വനം വകുപ്പും പറയുന്നു. എന്നാല്‍, നമ്മുടെ കാലാവസ്ഥയില്‍ വിദേശയിനങ്ങളെക്കാള്‍ നന്നായി വളരുന്നത് നാടന്‍ ഇനങ്ങളാണെന്നിരിക്കെ, അവയുടെ വര്‍ദ്ധനയ്ക്ക് ശ്രമിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാടന്‍ ഇനങ്ങളെ കൂടുതലായി ഉത്പാദിപ്പിച്ച് ജലാശയങ്ങളില്‍ നിക്ഷേപിക്കുകയും വിദേശയിനങ്ങളെ ഇടുന്നത് നിര്‍ത്തലാക്കുകയും ചെയ്താല്‍ കുറച്ചുകാലം കൊണ്ടുതന്നെ വംശനാശ ഭീഷണി ഒഴിവാക്കാന്‍ കഴിയും.