തിരുവനന്തപുരം/ചെന്നൈ: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായിമാറി. ചെന്നൈയിൽനിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ച് തീരം ലക്ഷ്യമാക്കി നീങ്ങും.

വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലി ചൊവ്വാഴ്ചയോടെ തമിഴ്‌നാട്, ആന്ധ്ര തീരത്തോട് അടുക്കുമെന്നാണ് പ്രവചനം. വരുംമണിക്കൂറുകളിൽ കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുകയും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 170 കിലോമീറ്റർവരെ വേഗത്തിൽ ഫോനി വീശാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.

തിങ്കളും ചൊവ്വയും ശക്തമായ മഴ

ഫോനിയുടെ സ്വാധീനത്തിൽ തിങ്കളും ചൊവ്വയും കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ജാഗ്രതാനിർദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച രാവിലെമുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 50 കിലോമീറ്റർവരെ വേഗത്തിലും കാറ്റിന് സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗത്തിലുമുള്ള കാറ്റിന് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്

മത്സ്യത്തൊഴിലാളികൾ കേരള തീരക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മീൻപിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഞായറാഴ്ചയ്ക്കുമുമ്പ് തിരിച്ചെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാവിഭാഗവും കർശന നിർദേശം പുറപ്പെടുവിച്ചു. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രതപാലിക്കണം.

വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രയുടെ തെക്കൻ തീരമേഖലയിൽ ഏപ്രിൽ 30, മേയ് ഒന്ന് തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

നവംബറിൽ വീശിയ ‘ഗജ’ ചുഴലിക്കാറ്റിനെക്കാൾ തീവ്രമായ കാറ്റായിരിക്കും ഫോനി എന്നാണ് കരുതുന്നത്. ചുഴലിക്കാറ്റ് നേരിടാൻ എല്ലാവിധ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.

Content Highlights: cyclone fani may hit coasts on tuesday