തിരുവനന്തപുരം: കോവിഡ് കാലത്ത് പൊതുഇടത്തിലെ പോരാട്ടംകുറഞ്ഞതോടെ ‘സൈബർ ക്വട്ടേഷൻ’ കൊടുത്ത് രാഷ്ട്രീയകക്ഷികൾ. ഓരോ വിഷയത്തിലും പൊതുവികാരം അനുകൂലമാക്കാനുള്ള ചുമതല പി.ആർ. ഏജൻസികളെ ഏൽപ്പിച്ചാണ് രാഷ്ട്രീയകക്ഷികൾ കളംമാറ്റുന്നത്. സൈബർ യുദ്ധത്തിന് ചെലവിടുന്നതാകട്ടെ കോടികളും.

മഹാരാഷ്ട്രയിൽനിന്ന് മൂന്നുവൻകിട പി.ആർ. കമ്പനികൾ കേരളത്തിൽ ‘രാഷ്ട്രീയപ്രവർത്തനം’ ഏറ്റെടുത്തുകഴിഞ്ഞു. ജനപ്രതിനിധികൾ, തിരഞ്ഞെടുപ്പിനിറങ്ങാൻ സാധ്യതയുള്ള നേതാക്കൾ എന്നിവരുടെയെല്ലാം പ്രചാരണം ഏറ്റെടുത്ത ചെറുകിട കമ്പനികൾ വേറെയും. നേതാക്കളുടെയും പാർട്ടികളുടെയും സാമൂഹികമാധ്യമ അക്കൗണ്ട് കൈകാര്യംചെയ്യാൻ പുതുസംരംഭങ്ങളും മറ്റുമായി യുവാക്കളുടെ കൂട്ടായ്മയുമുണ്ട്. സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങൾ ക്രോഡീകരിക്കാനുള്ള ‘ടൂൾ’ ആണ് ഐ.ടി. കമ്പനികൾക്ക് വിലയിടുന്ന ഘടകം.

6 ദൗത്യങ്ങൾ

1. പൊതുപ്രതികരണങ്ങളിൽനിന്ന് ജനഹിതം മനസ്സിലാക്കിക്കുക

2. ഇതനുസരിച്ച് രാഷ്ട്രീയകാമ്പയിൻ നടത്തുക

3. പ്രായം-ലിംഗം-തൊഴിൽ എന്നിവയെല്ലാമനുസരിച്ച് പ്രചാരണരീതി ക്രമീകരിക്കുക

4. നേതാക്കളുടെ പ്രതിച്ഛായ കൂട്ടുക

5. മുന്നണികളുടെ നിലപാടുകൾ രൂപപ്പെടുത്തുക

6. പ്രതികരണം എങ്ങനെവേണമെന്ന് നിശ്ചയിക്കുക

മാറുകയാണ് രാഷ്ട്രീയം

രാഷ്ട്രീയത്തൊഴിലാളികൾ

മുതിർന്ന മാധ്യമപ്രവർത്തകർ, രാഷ്ട്രീയജ്ഞാനമുള്ളവർ, തിരഞ്ഞെടുപ്പ് സർവേരംഗത്ത് പരിചയമുള്ളവർ എന്നിവർക്കെല്ലാം ജോലിസാധ്യതയ്ക്ക് വഴിതുറന്നിട്ടുണ്ട്. ഇവരെ വലിയതുക പ്രതിഫലം കൊടുത്താണ് പി.ആർ. ഏജൻസികൾ നിയമിക്കുന്നത്. രാഷ്ട്രീയവിഷയത്തിലുള്ള അവഗാഹം, ജനങ്ങളെ സ്വാധീനിക്കാനാകുന്ന നിലപാട് നേതാക്കളെ നിർദേശിക്കാനുള്ള കഴിവ് എന്നിവയാണ് നിയമനത്തിന് അടിസ്ഥാനം. ഇവരുടെ സഹായത്തോടെയാണ് രാഷ്ട്രീയവിഷയങ്ങളിൽ നേതാക്കൾ പ്രതികരണവും നിലപാടും സ്വീകരിക്കുന്നത്.

സ്വന്തം പോരാളികൾ

സമൂഹികമാധ്യമങ്ങളിലെ പ്രതികരണത്തിൽ രാഷ്ട്രീയനിലപാട് തെറ്റിപ്പോകാതിരിക്കാൻ പാർട്ടികൾക്ക് സ്വന്തം സൈബർ സംഘവുമുണ്ട്. ഓരോ പാർട്ടിയും പ്രത്യേകം നേതാക്കൾക്ക് ചുമതല നൽകിയിട്ടുണ്ട്.

യുദ്ധമുറി

വിഷ്വൽ ലൈബ്രറി, പഴയകാല പ്രതികരണങ്ങളും പാർട്ടിരേഖകളും എല്ലാമുള്ള ‘വാർ റൂ’മുൾ. ഓരോ വിഷയങ്ങളുണ്ടാകുമ്പോഴും അതത് പാർട്ടികൾക്ക് സഹായകമാകുന്ന വിധത്തിൽ പ്രചാരണം നടത്തുന്നതിന് ഇത് ഉപയോഗിക്കും. ഇത്തരം രാഷ്ട്രീയ ‘പോസ്റ്റു’കൾ സൈബറിടത്തിലേക്ക് പരമാവധി എത്തിക്കുകയാണ് പ്രധാനരീതി. ഇതിന് ബൂത്തുതലം മുതൽ സംസ്ഥാനതലംവരെ സാമൂഹികമാധ്യമഗ്രൂപ്പുകളും അവയ്ക്ക് ഓരോ തലത്തിലും പ്രത്യേക ചുമതലക്കാരും.

Content Highlights: Cyber Political campaign in Kerala