തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയത് മന്ത്രി അറിഞ്ഞില്ലെങ്കിൽ എന്തിനാണ് അദ്ദേഹം ആ കസേരയിൽ ഇരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വനംവകുപ്പിലെ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഉത്തരവിറക്കിയതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും മരവിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി തമിഴ്നാടിന് നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണ് മരംമുറിക്കാനുള്ള അനുമതി നൽകിയതെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ കൊണ്ടുവന്ന അടിയന്തര പ്രമേയനോട്ടീസ് ഒഴിവാക്കണമെന്നും ആദ്യ സബ്മിഷനായി അവതരിപ്പിക്കാൻ അനുവാദം നൽകാമെന്നും സ്പീക്കർ നിർദേശിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ജുഡീഷ്യൽ അന്വേഷണമെന്ന പ്രതിപക്ഷആവശ്യം തള്ളിയ സർക്കാർ, ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. മുട്ടിൽ മരംമുറിക്കേസിൽ ഉത്തരവാദിയായ ഉന്നത ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്നു വനംമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥനെ തൊടാൻ കഴിഞ്ഞില്ലെന്നും മന്ത്രിയുടെ വാക്കിനെ എങ്ങനെ നിയമസഭ വിശ്വസിക്കുമെന്നും സതീശൻ ചോദിച്ചു.

നവംബർ ഒന്നിന് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയും വനം-ജലവിഭവ മന്ത്രിമാരും അറിയാതെ അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രധാന വിഷയത്തിൽ യോഗം വിളിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെ ഇറക്കിയ ഉത്തരവ് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞ് അറിയുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് റദ്ദാക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാട് നിലപാടിലേക്ക് സി.പി.എമ്മും കേരള സർക്കാരും എത്തിയിരിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്നാടിന് അനുമതി നൽകിയ നിലപാട് പുതിയ ഡാമെന്ന കേരളത്തിന്റെ വാദത്തെ ദുർബലപ്പെടുത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. വൈൽഡ് ലൈഫ് ബോർഡിന്റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ വനംമന്ത്രിയുമാണ്. ഇവരറിയാതെ ഉത്തരവിറക്കാൻ കഴിയില്ലെന്നും തിരുവഞ്ചൂർ ആരോപിച്ചു.