കൊച്ചി: ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം ചോദ്യംചെയ്യുന്നതില്‍ മറ്റു നിയമതടസ്സങ്ങളൊന്നുമില്ലെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി.). നിയമസഭാ സമ്മേളന കാലയളവില്‍ ചോദ്യംചെയ്യുന്നത് ഒഴിവാക്കാന്‍ എ.എസ്.ജി. ആവശ്യപ്പെട്ടത് സഭയോടുള്ള ആദരവിനാലാണ്.

ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭാ സ്പീക്കറെ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത് എന്നതിനാല്‍ ഇതുസംബന്ധിച്ച ചട്ടങ്ങളില്‍ വ്യക്തതക്കുറവുണ്ട്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനില്‍നിന്നു മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയതു വിവാദമായപ്പോഴാണ് കസ്റ്റംസ് നിയമോപദേശം തേടിയത്.

നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസമാകും കസ്റ്റംസ് സ്പീക്കർക്ക് സമന്‍സ് നല്‍കുകയെന്നാണു സൂചന. അങ്ങനെയെങ്കില്‍ ഫെബ്രുവരി ആദ്യവാരമാകും ചോദ്യംചെയ്യല്‍.

ഭരണഘടനാപദവി വഹിക്കുന്നയാളെന്ന നിലയില്‍ കൊച്ചിയിലേക്കു വിളിച്ചുവരുത്താതെ തിരുവനന്തപുരത്തു തന്നെയാകും ചോദ്യംചെയ്യൽ. നിയമക്കുരുക്കുകള്‍ ഒഴിവാക്കാന്‍ പി. ശ്രീരാമകൃഷ്ണന്റെ വീട്ടുവിലാസത്തിലാകും സമന്‍സ് നല്‍കുക.

സിവില്‍ കേസുകളില്‍ സഭാസമ്മേളനത്തിന് ഒരുമാസം മുമ്പോ ഒരുമാസത്തിനു ശേഷമോ മാത്രമേ ഇത്തരത്തില്‍ നോട്ടീസ് നല്‍കാവൂ. പക്ഷേ, ഡോളര്‍കടത്ത് ക്രിമിനല്‍ കേസായതിനാല്‍ ഈ കാലാവധി അവകാശപ്പെടാനാകില്ലെന്നും വാദമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിനു തൊട്ടുമുമ്പാണു ചോദ്യംചെയ്യലെങ്കിൽ അത് രാഷ്ട്രീയമായി എങ്ങനെ ബാധിക്കുമെന്നതില്‍ ഇടതുപക്ഷത്ത് ആശങ്കയുണ്ട്. ചോദ്യംചെയ്യലിനു ഹാജരായില്ലെങ്കില്‍ പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചേക്കാം. അതിനാൽ സഭാസമ്മേളനം കഴിഞ്ഞാലുടന്‍ ഹാജരാകുന്നതാകും ഉചിതമെന്ന അഭിപ്രായം ഇടതുപക്ഷത്തുണ്ട്.

അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കര്‍ പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ സ്വമേധയാ ഹാജരാകാനാണു സാധ്യത.