കൊച്ചി: ഡോളർക്കടത്ത് കേസിൽ ചോദ്യംചെയ്യലിന് ഹാജരായ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ വിവരങ്ങൾ മറച്ചുവെച്ചതായി കസ്റ്റംസിന് സംശയം. സ്വന്തം മൊബൈൽ ഫോൺ വരെ മാറ്റിവെച്ചാണ് അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരായത്. കസ്റ്റംസിന് മുന്നിൽ ഹാജരാകുന്നതിന് മുന്നോടിയായി അയ്യപ്പന് ‘ട്രെയിനിങ്’ കിട്ടിയിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അയ്യപ്പനെതിരേ കൂടുതൽ അന്വേഷണം നടത്താൻ കസ്റ്റംസ് തീരുമാനിച്ചു. അയ്യപ്പന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കസ്റ്റംസിനെതിരേ സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയുടെ ഭീഷണി സ്വരമുള്ള നോട്ടീസ് ഇറങ്ങിയതിനെത്തുടർന്നാണിതെന്നും സൂചനയുണ്ട്.

സ്പീക്കർ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നാണ് അയ്യപ്പൻ ഒഴിഞ്ഞുമാറിയത്. യാത്രകൾ, കൂടിക്കാഴ്ചകൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ല. വ്യക്തിപരമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി. മൊബൈൽ ഫോൺ പിടിച്ചെടുക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ബോധപൂർവം ഹാജരാക്കാതിരുന്നതെന്നാണ് കരുതുന്നത്.

ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് സെക്രട്ടേറിയറ്റിലെ ഇടതുസംഘടന നോട്ടീസ് ഇറക്കിയതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്. പൊതുവികാരം കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ തിരിച്ചുവിടാനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തുന്നത്.