
ആശുപത്രിയില്‍വെച്ച് ഉനൈസ് എഴുതിയ കത്തില്‍ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമേറ്റതായി വിവരിക്കുന്നുണ്ട്. തലശ്ശേരി സഹകരണ ആശുപത്രിയിലെ രേഖയിലും പോലീസ് മര്‍ദനത്താല്‍ ശാരീരിക വേദന അനുഭവിക്കുന്ന അവസ്ഥയിലാണ് ഉനൈസ് എന്നും വ്യക്തമാക്കിയിട്ടുണ്ട്. കത്തിനൊപ്പം ആശുപത്രിരേഖയും പുറത്തുവന്നതോടെ പോലീസ് പ്രതിക്കൂട്ടിലായി.
മേയ് രണ്ടിനാണ് വീടിനകത്ത് മരിച്ചനിലയില്‍ ഉനൈസിനെ കണ്ടത്. മുഴപ്പിലങ്ങാട് കടപ്പുറത്തെ ഭാര്യാപിതാവിന്റെ വീടിന് കല്ലെറിഞ്ഞെന്ന പരാതിയില്‍ ഫെബ്രുവരി 21-ന് ഉനൈസിനെ എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തെറ്റുചെയ്തില്ലെന്ന് പറഞ്ഞതിനെതുടര്‍ന്ന് താക്കീത് ചെയ്ത് വിട്ടയച്ചു.
എന്നാല്‍, സ്‌കൂട്ടര്‍ കത്തിച്ചുവെന്ന പരാതിയില്‍ 23-ന് രാവിലെ നാലു പോലീസുകാര്‍ ചേര്‍ന്ന് വീട്ടില്‍നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയി. വൈകുന്നേരംവരെ സ്റ്റേഷനിലിട്ട് മര്‍ദിച്ചതായാണ് പരാതി. രക്തം ഛര്‍ദിക്കുകയും മൂത്രത്തിലൂടെ രക്തം പോകുകയും ചെയ്തതോടെ പുലര്‍ച്ചെ 1.50-ഓടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിവര്‍ന്നുനില്‍ക്കാന്‍പോലും സാധിക്കാത്ത നിലയിലായിരുന്നു ഉനൈസെന്ന് സഹോദരന്‍ നവാസ് പറഞ്ഞു.
ആറു ദിവസത്തിനുശേഷം ആശുപത്രി വിട്ടു. വീട്ടിലും വേദന കടിച്ചമര്‍ത്തിയാണ് ഉനൈസ് കഴിഞ്ഞതെന്ന് സഹോദരന്‍ പറഞ്ഞു. പോലീസ് മര്‍ദിച്ചകാര്യം വീട്ടിലാരോടും പറഞ്ഞിരുന്നില്ല. രണ്ടുമാസം വീട്ടില്‍ കിടന്നശേഷമാണ് മരിക്കുന്നത്.
ഇതിനുശേഷമാണ് ബന്ധുക്കള്‍ ഉനൈസിന്റെ കത്ത് കാണുന്നത്. ഒരു പുസ്തകത്തിനുള്ളിലായിരുന്നു കത്ത്. ഇതിലൂടെയാണ് പോലീസ് മര്‍ദനത്തിന്റെ വിവരങ്ങള്‍ വീട്ടുകാരറിഞ്ഞത്. സംഭവത്തില്‍ ഉനൈസിന്റെ സഹോദരന്‍ നവാസ് മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതിനല്‍കി.