തൊടുപുഴ: രാജ്കുമാറിന്റെ മൃതദേഹം രണ്ടാമത് പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കണ്ടെത്തിയ ക്ഷതങ്ങൾ വിരൽചൂണ്ടുന്നത് കൊടിയ കസ്റ്റഡിപീഡനത്തിലേക്ക്. മർദനംമൂലമുള്ള ക്ഷതങ്ങൾ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുകയും ഒടുവിൽ വൃക്കയുൾപ്പെടെയുള്ള അവയവങ്ങൾ തകരാറിലാകുകയും ചെയ്തു എന്നാണ് റീപോസ്റ്റുമോർട്ടം റിപ്പോർട്ട്.

ആദ്യ പോസ്റ്റുമോർട്ടത്തിലെ മരണകാരണമായ ‘ന്യൂമോണിയ’ പാടേ തള്ളിയാണ് ഈ റിപ്പോർട്ട്. മരണകാരണം ന്യൂമോണിയ അല്ലെന്നു കണ്ടെത്തിയതായി ‘മാതൃഭൂമി’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്തെ കസ്റ്റഡിമരണ ചരിത്രത്തിൽ ആദ്യമായാണ് റീപോസ്റ്റുമോർട്ടം നടക്കുന്നത്. 38 ദിവസം പഴക്കമുള്ള മൃതദേഹത്തിൽനിന്ന് ഇത്രയധികം പുതിയ തെളിവുകൾ ലഭിക്കുന്നതും ഇതാദ്യം.

പോലീസ് സർജൻമാരായ ഡോ. കെ. പ്രസന്നൻ (കോഴിക്കോട് മെഡിക്കൽ കോളേജ്), ഡോ. പി.ബി. ഗുജറാൾ (പാലക്കാട് ജില്ലാ ആശുപത്രി), ഡോ. എ.കെ. ഉൻമേഷ് (എറണാകുളം മെഡിക്കൽ കോളേജ്) എന്നിവർ ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ നിർദേശപ്രകാരമാണ് റീപോസ്റ്റുമോർട്ടം ചെയ്തത്. ബുധനാഴ്ച രാത്രി റിപ്പോർട്ട് കമ്മിഷനു കൈമാറുകയും ചെയ്തു.

മർദനം അഥവാ ഉരുട്ടൽമൂലം പേശികളിൽ ചതവുകളുണ്ടാകുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന മയോഗ്ലോബിൻ എന്ന പ്രോട്ടീൻ അടിഞ്ഞുകൂടി വൃക്കകളെ തകരാറിലാക്കിയിരിക്കാമെന്നാണ് പുതിയ പോസ്റ്റുമോർട്ടത്തിലെ നിഗമനം. ഇതൊരു രോഗമല്ല. െവെദ്യസഹായം കിട്ടിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന മരണമായിരുന്നു രാജ്കുമാറിന്റേത്.

ചെറുത് കണ്ടു, വലുത് കണ്ടില്ല

ആദ്യത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ താരതമ്യേന ചെറിയ 23 ക്ഷതങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. അഞ്ചു സെന്റീമീറ്ററിൽ താഴെ നീളവും വീതിയുമുള്ള ചതവുകൾ. ആഴമാണെങ്കിൽ ഒരു സെന്റീമീറ്ററിൽ താഴെ.

എന്നാൽ, രണ്ടാമത്തെ പോസ്റ്റുമോർട്ടത്തിൽ 20 സെന്റീമീറ്റർ നീളവും നാലര സെന്റീമീറ്റർ ആഴവുമുള്ള വലിയ ചതവുകളാണു കണ്ടെത്തിയത്. മൊത്തം 22 പുതിയ ക്ഷതങ്ങൾ. ചെറിയ രക്തക്കുഴലുകൾ പൊട്ടി രക്തം കലങ്ങിക്കിടന്നിരുന്ന ഈ ചതവുകൾ എല്ലാംതന്നെ മൃതദേഹത്തിന്റെ പിൻഭാഗത്തുനിന്നാണു കണ്ടെത്തിയത്. മുൻഭാഗം മുഴുവൻ അഴുകിപ്പോയിരുന്നു. ആദ്യ പോസ്റ്റുമോർട്ടത്തിൽ മൃതദേഹത്തിന്റെ പിൻഭാഗത്തെ ചതവുകളൊന്നും മുറിച്ച് പരിശോധിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാർഗനിർദേശപ്രകാരമുള്ള വിശദമായ റിപ്പോർട്ടാണ് റീപോസ്റ്റുമോർട്ടം ചെയ്ത സംഘം ജുഡീഷ്യൽ കമ്മിഷനു നൽകിയത്. പന്ത്രണ്ടോളം പേജുകളും രേഖാചിത്രങ്ങളും അടങ്ങിയതാണ് റിപ്പോർട്ട്.

ആദ്യ പോസ്റ്റുമോർട്ടത്തിൽ മുറിവുകളുടെ കാലപ്പഴക്കം നിർണയിക്കാതിരുന്നത് വലിയ വീഴ്ചയായി വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. മൃതദേഹത്തിന്‌ 38 ദിവസം പഴക്കമുള്ളതിനാൽ രണ്ടാം പോസ്റ്റുമോർട്ടത്തിലും ഇതിനു കഴിഞ്ഞിട്ടില്ല. എന്നാൽ, മുറിവുകൾ ചുരണ്ടിയെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോർട്ടുകൾ കിട്ടിയിട്ടില്ല.

രാജ്കുമാറിന്റെ ചികിത്സാ വിവരങ്ങളും കസ്റ്റഡി രേഖകളും പോലീസ് സർജൻമാർ പരിശോധിച്ചിരുന്നു. എന്നാൽ, ആദ്യ പോസ്റ്റുമോർട്ടത്തിന്റെ വീഡിയോ ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയില്ല.

Content Highlights: custodial death rajkumar-postmortem report