തിരുവനന്തപുരം: മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർ ടൂറിസം വകുപ്പിന് കത്ത് നൽകി. മന്ത്രിമാരും വി.ഐ.പി.കളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസംവകുപ്പിന്റെതാണ്. വാഹന ഉടമ എന്ന നിലയിൽ വാഹനങ്ങളിലെ നിയമവിരുദ്ധ ക്രമീകരണങ്ങൾ ഒഴിവാക്കേണ്ട ബാധ്യത ടൂറിസം വകുപ്പിനുണ്ട്. മന്ത്രിവാഹനമാണെങ്കിലും പിഴ അടയ്ക്കേണ്ടിവരുക ടൂറിസം വകുപ്പാണ്. ഇത് സൂചിപ്പിച്ചാണ് കത്ത് .

സർക്കാർവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കംചെയ്യാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഓപ്പറേഷൻ സ്‌ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന നടത്താൻ നിർദേശിച്ചത്.

തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് എത്തിയ മന്ത്രിമാരുടെയും എൽ.എൽ.എ.മാരുടെയും വാഹനങ്ങളിൽ കൂളിങ് പേപ്പറും കർട്ടനുകളും ഉണ്ടായിരുന്നു. ഇത് ജനപ്രതിനിധികളും മന്ത്രിമാരും നിയമം ലംഘിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. വകുപ്പ് സെക്രട്ടറിമാരും കളക്ടർമാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും കർട്ടനുകളുണ്ട്.

പോലീസ് വാഹനങ്ങളിലെ കർട്ടൻ നീക്കംചെയ്യാൻ പോലീസ് മേധാവി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം വാഹനങ്ങളുടെ ചില്ലുകളിലെ കാഴ്ചമറയ്ക്കാൻ പാടില്ല. സ്റ്റിക്കർ, കർട്ടൻ എന്നിവ നിയമവിരുദ്ധമാണ്. 2012-ൽ സുപ്രീംകോടതിയാണ് സ്റ്റിക്കർ ഉപയോഗം നിരോധിച്ചത്. 2019-ൽ കേരള ഹൈക്കോടതി കർട്ടൻ ഉപയോഗവും തടഞ്ഞു.

നിരോധിച്ചവ

* ഗ്ലാസുകളിലെ കൂളിങ് പേപ്പർ, കർട്ടൻ

* ബോണറ്റിൽ കൊടി കെട്ടാൻ സ്ഥാപിക്കുന്ന കമ്പി

* മുന്നിലും പിന്നിലുമുള്ള ക്രാഷ് ഗാർഡുകൾ

* പുറത്തേക്ക്‌ തള്ളിനിൽക്കുന്ന ചവിട്ടുപടികൾ

അനുവദനീയം

* വാഹന നിർമാതാവ് നൽകുന്ന ടിന്റഡ് ഗ്ലാസുകൾ. * പിന്നിലെ ഗ്ലാസിന് 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകൾക്ക് 50 ശതമാനവും സുതാര്യത.

* വാഹനം വാങ്ങിയശേഷമുള്ള മാറ്റങ്ങൾ നിയമവിരുദ്ധമാണ്.

കർട്ടൻ ഉപയോഗിക്കാം

* ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറിയുള്ള വി.വി.ഐ.പി.കൾക്കും, വി.ഐ.പി.കൾക്കും.

* സംസ്ഥാനത്ത് മുഖ്യമന്ത്രി മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.

പിഴ

കോടതി വിധി പാലിക്കാത്തതിനുള്ള ശിക്ഷകൂടി ചേർത്ത് 1250 രൂപ.