നെടുമ്പാശ്ശേരി: നിരോധിച്ച രണ്ട് ലക്ഷത്തിന്റെ ആയിരം രൂപ നോട്ടുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആളാണ് നോട്ടുമായി പിടിയിലായിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായിയില്‍ നിന്ന് എത്തിയ തൃശ്ശൂര്‍ സ്വദേശി രാജീവ് മേനോന്‍ ആണ് പിടിയിലായത്.

ചെക്-ഇന്‍ ബാഗേജില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു നോട്ടുകള്‍. സംശയം തോന്നി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് കറന്‍സി കണ്ടെത്തിയത്.
 
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാറായതിനാല്‍ വിദേശത്ത് അനധികൃതമായി സൂക്ഷിച്ചിട്ടുള്ള, നിരോധിക്കപ്പെട്ട നോട്ടുകള്‍ കേരളത്തിലേക്ക് കൂടുതലായി എത്താന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കി കസ്റ്റംസ് വിഭാഗം യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

രാജീവ് മേനോന്‍ നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളതിനാലാണ് ഇയാളുടെ ബാഗേജ് തുറന്ന് വിശദ പരിശോധന നടത്തിയത്. കഴിഞ്ഞ ജനുവരിയില്‍ സോപ്പുപൊടിയില്‍ പൊടിച്ചു ചേര്‍ത്ത് ഇയാള്‍ 300 ഗ്രാം സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു.

കൂടാതെ രണ്ട് കിലോ സ്വര്‍ണം കടത്തിയതിന് മുംബൈയിലും ഇയാള്‍ പിടിക്കപ്പെട്ടിരുന്നു. നോട്ട് നിരോധിച്ചതിനു ശേഷം ഇത് മൂന്നാം വട്ടമാണ് കൊച്ചി വിമാനത്താവളത്തില്‍ നോട്ട് പിടികൂടുന്നത്.