ഒതുക്കുങ്ങൽ: കൃഷിചെയ്യുന്ന ഭൂമിയുടെ നികുതിച്ചീട്ട് ഹാജരാക്കാത്തതിന്റെ പേരിൽ ഇനി ഒരു പാട്ടക്കർഷകന്റെയും വിള ഇൻഷുറൻസ് അപേക്ഷ കൃഷി വകുപ്പധികൃതർ നിരസിക്കില്ല.

നികുതിച്ചീട്ടിന് പകരമായി കർഷകർ കൃഷിചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുമായുള്ള പാട്ട ഉടമ്പടിയിൽ കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന് കൃഷി ഡയറക്ടർ ജില്ലാ പ്രിൻസിപ്പൽ കൃഷിഓഫീസർമാർക്ക് നിർദേശംനൽകി.

കാർഷികവിളകൾ ഇൻഷുർചെയ്യാൻ കഴിയാതെ മലപ്പുറം ജില്ലയിലെ പാട്ടക്കർഷകർ ദുരിതത്തിലായ വാർത്ത മാതൃഭൂമി നൽകിയിരുന്നു.

സംസ്ഥാനത്തുതന്നെ ഏറ്റവുംകൂടുതൽ പാട്ടക്കർഷകരുള്ള ജില്ലകൂടിയാണ് മലപ്പുറം. കൃഷിചെയ്യുന്ന വിളകൾ ഇൻഷുർചെയ്താൽ മാത്രമേ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്ക് കർഷകരെ പരിഗണിക്കുകയുള്ളൂ.

സംസ്ഥാനത്തുതന്നെ മറ്റു ജില്ലകളിൽ നികുതിച്ചീട്ട് നിർബദ്ധമാക്കിയപ്പോഴും മലപ്പുറം ജില്ലയിലെ പാട്ടക്കർഷകർ ഇതുവരെ നികുതിച്ചീട്ട് ഹാജരാക്കിയിരുന്നില്ല. സ്ഥലമുടമകൾ നൽകാത്തതായിരുന്നു കാരണം. നികുതിച്ചീട്ട് ഹാജരാത്തതിന്റെ പേരിൽ കർഷകരുടെ ആനുകൂല്യങ്ങൾ ഇതുവരെ നിഷേധിച്ചിരുന്നില്ല.

എന്നാൽ കഴിഞ്ഞമാസം വേങ്ങര എ.ആർ. നഗർ കൃഷിഭവനിലെ കർഷകരുടെ അപേക്ഷ നികുതിച്ചീട്ടില്ലാത്തതിന്റെ പേരിൽ മലപ്പുറം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ നിരസിച്ചതോടെയാണ് കർഷകർ ദുരിതത്തിലായത്.

അപേക്ഷ നിരസിച്ചതിന്റെ കാരണം അന്വേഷിച്ച് വേങ്ങര കൃഷി അസിസ്റ്റൻറ്‌ ഡയറക്ടർ ജില്ലാ പ്രിൻസിപ്പൽ കൃഷിഓഫീസർക്ക് നൽകിയ കത്തിന്റെ മറുപടിയിലാണ് കാർഷികവിളകൾ ഇൻഷുർചെയ്യാൻ പാട്ടക്കർഷകർക്ക് നികുതിച്ചീട്ട് നിർബദ്ധമാണെന്ന നിർദേശം രേഖാമൂലം നൽകിയത്.

ഇതോടെ നികുതിച്ചീട്ട് ഹാജരാക്കാത്ത ജില്ലയിലെ മിക്ക കൃഷിഭവനുകളിലെയും പാട്ടക്കർഷകരുടെ അപേക്ഷകൾ നിരസിക്കുന്ന സ്ഥിതിയായി.

വിഷയത്തിൽ കൃഷിമന്ത്രിക്കും മുഖ്യമന്ത്രിക്കും കർഷകർ പരാതി നൽകി. കർഷകരുടെ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എൻ.എ. ഖാദർ എം.എൽ.എ. കൃഷിമന്ത്രിക്ക് കത്തുനൽകിയിരുന്നു.

കർഷകർ പ്രത്യക്ഷ സമരവുമായി മുന്നോട്ടിറങ്ങാൻ തുടങ്ങിയതോടെ അടിയന്തര നടപടി സ്വീകരിച്ചുകൊണ്ട് കൃഷിവകുപ്പ് ഡയറക്ടറുടെ സർക്കുലർ ബുധനാഴ്ച വൈകീട്ട് പുറത്തിറങ്ങി.

എന്നാൽ സ്വന്തംഭൂമിയിൽ കൃഷിചെയ്യുന്ന കർഷകർ വിള ഇൻഷുർചെയ്യാൻ നികുതിച്ചീട്ടോ കൈവശ സർട്ടിഫിക്കറ്റോ നിർബന്ധമായും ഹാജരാക്കണം.