തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രാഥമികാന്വേഷണം നടത്താൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നൽകിയ കത്ത് ജയിൽ ഡി.ജി.പി. പോലീസിനുകൈമാറി. ഇതേത്തുടർന്നാണ് നടപടി.

മുഖ്യമന്ത്രിക്കെതിരേ മൊഴികൊടുക്കാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു ശബ്ദസന്ദേശം. സ്വപ്ന മറ്റാരോടോ സംസാരിക്കുന്നത് റെക്കോഡ്‌ ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. തന്റെ ശബ്ദമാണെന്ന് ജയിൽ അധികൃതരോടുസമ്മതിച്ച സ്വപ്ന, ആരോടാണ് സംസാരിച്ചതെന്ന് ഓർമയില്ലെന്നും പറഞ്ഞിരുന്നു.

രണ്ടുദിവസത്തെ അനിശ്ചിതത്വത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നത്. ശബ്ദസന്ദേശം പുറത്തുവന്ന വ്യാഴാഴ്ചതന്നെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ജയിൽമേധാവി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശബ്ദം തന്റേതാണെന്ന് സ്വപ്ന പറയുന്നതിനാൽ കേസ് നിലനിൽക്കില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. കൊഫെപൊസ തടവുകാരിയായ സ്വപ്ന, അട്ടക്കുളങ്ങര വനിതാജയിലിലാണുള്ളത്. ജയിലിൽനിന്നല്ല സന്ദേശം പോയിട്ടുള്ളതെന്നാണ് ജയിൽവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയുടെ പേരിൽ ശബ്ദസന്ദേശം പ്രചരിക്കുന്നതിനെക്കുറിച്ചാണ് ഇ.ഡി. ജയിൽവകുപ്പിൽനിന്ന്‌ വിശദീകരണം തേടിയത്. അന്വേഷണം നടത്താൻ പരിമിതിയുണ്ടെന്നുകാണിച്ചാണ് കത്ത് ജയിൽവകുപ്പ് പോലീസിന്‌ കൈമാറിയത്. ശബ്ദസന്ദേശത്തിന്റെ ശാസ്ത്രീയപരിശോധനയിലൂടെ ഇത് സ്വപ്നയുടേതാണോ എന്ന് സ്ഥിരീകരിക്കാനാവും. ജയിലിനുപുറത്തുവെച്ചാണ് പ്രതി ഇങ്ങനെ പറഞ്ഞിട്ടുള്ളതെങ്കിൽ കേസെടുക്കുക ബുദ്ധിമുട്ടാണ്. അന്വേഷണ ഏജൻസിക്കെതിരേ അഭിഭാഷകരോടുസംസാരിക്കാനുള്ള അവകാശം പ്രതിക്കുണ്ട്. എന്നാൽ, ഇത് പുറത്തുവിടുന്നതിനുപിന്നിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ചിന്‌ കണ്ടെത്തേണ്ടിവരുക.

രാഷ്ട്രീയനേതാക്കൾക്കെതിരേ മൊഴിനൽകാൻ ഇ.ഡി. നിർബന്ധിക്കുന്നതായി കേസിലെ മറ്റൊരു പ്രതി എം. ശിവശങ്കർ കോടതിയെ അറിയിച്ചതിനുപിന്നാലെയാണ് ശബ്ദസന്ദേശം പുറത്തുവന്നത്.