കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെക്കുറിച്ച് ഇറ്റലിയിൽ താമസമാക്കിയ മലയാളി അനിത പുല്ലയിലും ഐ.ജി. ലക്ഷ്മണയും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റ് പുറത്ത്. മോൻസന്റെ അറസ്റ്റ് ട്രാഫിക് ഐ.ജി.യെ അറിയിച്ചത് അനിതയാണെന്ന് ചാറ്റ് വ്യക്തമാക്കുന്നു.

മോൻസണെക്കുറിച്ച് മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രണ്ടുവർഷംമുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത, ലക്ഷ്മണിനോടു പറയുന്നുണ്ട്. ഇതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോൻസൺ അറസ്റ്റിലായതിനു പിന്നാലെ സെപ്റ്റംബർ 25-ന് രാത്രി 9.30-നുശേഷം നടന്ന വാട്‌സാപ്പ് ചാറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

‘ഇന്ന് വൈകുന്നേരം മോൻസ് അറസ്റ്റിലായി’ എന്ന് അനിത, ലക്ഷ്മണിനോടു പറയുന്നു. ഇതിന് ലക്ഷ്മൺ നൽകിയ മറുപടി മായ്ച്ചനിലയിലാണ്. വിവരങ്ങൾ പങ്കുവെച്ചതിലുള്ള നന്ദി ലക്ഷ്മണിനെ അറിയിക്കുന്നു.

നേരത്തേ, വിദേശത്തുള്ള അനിതയെ നാട്ടിലേക്കു വിളിപ്പിച്ച് ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മോൻസണെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അനിതയ്ക്ക് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയിൽ മോൻസണെതിരേ എടുത്ത കേസിന്റെ അന്വേഷണത്തിൽ ഇടപെട്ട ഉദ്യോഗസ്ഥനാണ് ഐ.ജി. ലക്ഷ്മണ. തുടർന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം ലക്ഷ്മണയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതേ ഉദ്യോഗസ്ഥനുമായി അനിതയ്ക്കുള്ള അടുപ്പം വ്യക്തമാക്കുന്നതാണ് ചാറ്റ്.

പോലീസിലെ ഉന്നതരെ വെള്ളപൂശാൻ പുറത്തുവിട്ടതാണോ ഈ ചാറ്റ് എന്നും സംശയമുണ്ട്.