തിരുവനന്തപുരം: വിയ്യൂർ സെൻട്രൽജയിലിലെ പ്രതികളുടെ ഫോൺവിളിയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടാകും. ഇക്കാര്യമാവശ്യപ്പെട്ട് ജയിൽമേധാവി ഷെയ്ക്ക് ദർവേശ് സാഹേബ് ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നൽകി. കൊലക്കേസ് പ്രതി അബ്ദുൽ റഷീദിന്റെയും ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെയും ഫോൺവിളി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണിത്.

ഓഗസ്റ്റ് പകുതിയോടെയായിരുന്നു റഷീദിൽനിന്ന് മൊബൈൽഫോൺ പിടിച്ചെടുത്തത്. ജയിൽ ശൗചാലയത്തിൽവെച്ച് സംസാരിക്കവേയായിരുന്നു അത്. ഒരുമാസത്തിനുള്ളിൽത്തന്നെ നൂറ്ു കണക്കിന് ഫോൺകോളുകളും എസ്.എം.എസും റഷീദിന്റെ ഫോണിൽ നിന്ന് വരുകയും പോകുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാനേതാക്കൾക്ക് ഉൾപ്പെടെ വിളി പോയി.

ഇതേ ഫോണുപയോഗിച്ച് മറ്റു തടവുകാരും പുറത്തേക്ക് വിളിച്ചു. ഉദ്യോഗസ്ഥസഹായമില്ലാതെ ഇതിന് കഴിയില്ലെന്നും വിശദ അന്വേഷണം വേണമെന്നുമായിരുന്നു തൃശ്ശൂർ സിറ്റി പോലീസ് മേധാവി ഡി.ജി.പി.ക്ക്‌ നൽകിയ റിപ്പോർട്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയിൽനിന്നും നേരത്തെ മൊബൈൽഫോൺ പിടിച്ചിരുന്നു.

പ്രതികൾ ആരുമായൊക്കെ ഫോണിൽ സംസാരിച്ചുവെന്നതും അന്വേഷിക്കണമെന്ന് ജയിൽമേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റഷീദിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും കൊടി സുനിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കും മാറ്റിയിരുന്നു.