തലശ്ശേരി: സി.പി.എം. മുഴക്കുന്ന് ചാക്കാട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപനെ (32) കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐ. കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്. 30,000 രൂപ വീതം പിഴയടയ്ക്കാനും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി കെ.എസ്.രാജീവ് വിധിച്ചു. പിഴയടച്ചാൽ 1.8 ലക്ഷം രൂപ കൊല്ലപ്പെട്ട ദിലീപന്റെ ബന്ധുക്കൾക്ക് നൽകണം.

തടഞ്ഞുനിർത്തി, പരിക്കേൽപ്പിച്ചു, മാരകായുധമുപയോഗിച്ച് ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾക്കും ആയുധനിയമപ്രകാരവും പ്രതികളെ നാലരവർഷംവീതം കഠിനതടവിനും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രതികൾ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. ദിലീപന്റെ അമ്മയ്ക്ക് ലീഗൽ സർവീസസ് അതോറിറ്റി സഹായം നൽകണമെന്നും കോടതി വിധിച്ചു. 16 പ്രതികളുള്ള കേസിൽ ഏഴുപേർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വ്യാഴാഴ്ച കോടതി വെറുതെവിട്ടിരുന്നു.

എസ്.ഡി.പി.ഐ. കണ്ണൂർ ജില്ലാ പ്രസിഡന്റ് മീത്തലെ പുന്നാട് വൈയപ്രത്ത് വി.ബഷീർ (36), മുഴക്കുന്ന് ചാക്കാട് സ്വദേശികളായ ഷെഫീന മൻസിലിൽ പി.കെ.ലത്തീഫ് (34), ഉളിയിൽ കുന്നേൽ യു.കെ.സിദ്ദിഖ് (32), മുഴക്കുന്ന് ഹാജി റോഡ് ഫാത്തിമ മൻസിലിൽ യു.കെ.ഫൈസൽ (36), മുഴക്കുന്ന് ചാക്കാട് സ്വദേശികളായ വേലിക്കോത്ത് വി.കെ.ഉനൈസ് (31), പുതിയപുരയിൽ പി.പി.ഫൈസൽ (31), പായം തന്തോട് നസീമ മൻസിലിൽ തണലോട്ട് യാക്കൂബ് (40), കീഴൂർ ദാറുൽ റഹ്‌മയിൽ പി.കെ.മുഹമ്മദ് ഫാറൂഖ് (46), മുഴക്കുന്ന് വിളയോട് പനേരി അബ്ദുൾ ഗഫൂർ (32) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. പേരാവൂർ നിയോജകമണ്ഡലം സ്ഥാനാർഥിയായിരുന്നു ഫാറൂഖ്. ശിക്ഷിക്കപ്പെട്ട ബഷീർ, യാക്കൂബ് എന്നിവർ പുന്നാട്ടെ ആർ.എസ്.എസ്. നേതാവ് അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്. പയ്യപ്പള്ളി ഹാരിസ്, അബ്ദുൾഖാദർ, പി.വി.മുഹമ്മദ്, പി.കെ.അബൂബക്കർ, കെ.മുഹമ്മദ് സാജിദ്, മുഹമ്മദ് മൻസീർ, എ.പി.മുഹമ്മദ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടത്.

2008 ഒാഗസ്റ്റ് 24-ന് രാത്രി 8.30-നാണ് കേസിനാസ്പദമായ സംഭവം. ചാക്കാട്ട്‌ സ്വകാര്യവ്യക്തിയുടെ തെങ്ങിൻതോട്ടത്തിൽ പതിയിരുന്ന് ദിലീപനെ ആക്രമിക്കുകയായിരുന്നു. കേസിൽ 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ, ജോഷി മാത്യു, ജാഫർ നല്ലൂർ എന്നിവർ ഹാജരായി.

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വിരാമമിടാൻ വിധി പ്രേരണയാകണം -കോടതി

തലശ്ശേരി: രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വിരാമമിടാൻ കേസിന്റെ വിധി പ്രേരണയാകട്ടെയെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. കുറ്റം ചെറുതായി കാണാൻ കഴിയില്ല. അതിനാലാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ആവശ്യമില്ല. കൊല്ലപ്പെട്ടത് ചെറുപ്പക്കാരനാണ്. പ്രതികൾക്കുള്ള ശിക്ഷ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയുള്ള ശിക്ഷയാണെന്നും വിധിന്യായത്തിൽ പറയുന്നു.

Content Highlights: CPM worker Dileepan Murder case 9 SDPI Activists get life imprisonment